ഉദിനൂർ
ജില്ലാ സ്‌കൂൾ കലോത്സവം 26 മുതൽ 30 വരെ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. കലോത്സവത്തിനുള്ള ഒരുക്കം പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12 വേദികളിലായി അഞ്ച് ദിവസങ്ങളിലായാണ് മത്സരം. ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ഉദിനൂർ സെൻട്രൽ എയുപി സ്‌കൂൾ, ക്ഷേത്രപാലക ക്ഷേത്ര പരിസരം, തടിയൻകൊവ്വൽ, കിനാത്തിൽ എന്നിവിടങ്ങളിലായാണ് വേദികൾ. തേജസ്വിനി, മാന്തോപ്പ്, തുടി, ഗസൽ, കനകാംബരി, നാട്ടകം, നന്തുണി, മരുതം, ഇശൽ, പെരുമ്പറ, മലയാൺമ, നെയ്‌തൽ എന്നീ പേരുകളിലാണ് വേദികൾ. ഏഴ് ഉപജില്ലകളിൽനിന്നായി 4,400 കലാപ്രതിഭകൾ എത്തും. മത്സരത്തിനെത്തുന്നവർക്ക് യാത്രാ സൗകര്യം, ഭക്ഷണം, താമസം എന്നിവ സംഘാടക സമിതി ഒരുക്കും. 26, 27 തീയതികളിൽ ഓഫ് സ്‌റ്റേജ് ഇനങ്ങളും 28 മുതൽ 30വരെ സ്‌റ്റേജ് മത്സരങ്ങളും. ഹരിതപ്രോട്ടോക്കോൾ പാലിച്ചാണ് കലോത്സവം. മാലിന്യം ശേഖരിക്കാൻ നഗരിയിൽ ഓലക്കൊട്ടകൾ ഒരുക്കും. പ്രധാന നഗരിക്ക് സമീപം വ്യവസായ വകുപ്പിന്റെ സ്‌റ്റാളുകളും ഒരുക്കും.
28ന് വൈകിട്ട് നാലിന് സിനിമാ നടൻ കെ മധുപാൽ ഉദ്‌ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയാകും. ജില്ലാ പൊലീസ് മേധാവി ഡോ. ഡി ശിൽപ മുഖ്യാതിഥിയാകും. 30ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്യും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ചെയർമാൻ എം രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം എം സുമേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലം, പി വി ലീന, സത്യൻ മാടക്കാൽ, കെ സുബൈദ, വി വി സുരേശൻ, അനുരാഗ്, പി നരേന്ദ്രൻ, റഷീദ് മൂപ്പന്റകത്ത്, പി വിജിൻദാസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..