23 December Monday

എല്ലാം കാണും, 
എല്ലാം പറയും തമ്പാനേട്ടൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

മടിക്കൈ മണക്കടവിൽ അടക്ക ഉരിക്കൽ ജോലി കഴിഞ്ഞ്, മൂന്നര കിലോമീറ്റർ 
അകലെയുള്ള വെള്ളച്ചേരിയിലെ വീട്ടിലേക്ക് നടന്നുപോകുന്ന കീത്തോൽ തമ്പാൻ

മടിക്കൈ
ഇക്കാണുന്നതൊന്നുമല്ല ശരിക്കും കാഴ്ചകളെന്ന് നമുക്ക് കാട്ടിത്തരുകയാണ് മടിക്കൈ വെള്ളാച്ചേരി പാലത്തിന് സമീപം താമസിക്കുന്ന കീത്തോൽ തമ്പാനേട്ടൻ (70). നമ്മൾ നോക്കുമ്പോൾ, കണ്ണടഞ്ഞ് പൂർണ ഇരുട്ടുള്ള ഒരാളാണ് അദ്ദേഹം. പക്ഷേ,  തമ്പാനേട്ടൻ എല്ലാം അറിയുന്നു; എല്ലാം നമ്മളെക്കാൾ വ്യക്തമായി കാണുന്നു.
കാഴ്ചയില്ലാഞ്ഞിട്ടും പ്രായമേറിയിട്ടും തമ്പാനേട്ടൻ ചെയ്യാത്ത ജോലിയില്ല. ദിവസം 500 രൂപയുടെ പണി, അത് അടക്ക ഉരിക്കൽ മുതൽ വാഴക്ക് കുഴിയെടുക്കൽ വരെ ഒറ്റക്കുപോയി ചെയ്യും. തെങ്ങിന് കുഴിയെടുക്കലും വിറക് കീറലും അദ്ദേഹത്തിന് നിസ്സാരം. നീളനൊരു മുളവടിയാണ് അദ്ദേഹത്തിന്റെ കണ്ണ്. വടി കൊണ്ട് റോഡരികിലും വഴിയരികിലും തൊട്ടു തൊട്ട് നടക്കും. പരിചിത വഴികൾ അദ്ദേഹത്തെ കൃഷ്ണമണി പോലെ പരിചരിച്ച് വീട്ടിലെത്തിക്കും. മെയിൻ റോഡിന് ഉൾവശത്തുള്ള വീട്ടിലും പറമ്പിലുമാണ് ജോലിയെങ്കിൽ, ആദ്യമൊന്ന് കൈ പിടിച്ച് എത്തിച്ചാൽ മതി. ബാക്കിയൊക്കെ കണ്ണ് പോലെ നോക്കി  കൈകാര്യം ചെയ്യും.
ഇപ്പോൾ അടക്ക ഉരിക്കുന്ന പണിയാണ് മുഖ്യമായി ചെയ്യുന്നത്. നാട്ടിലെ പരിചയക്കാരുടെ വീട്ടിലാണ് അധികവും പണി. ദിവസം 30 കിലോ വരെ അടക്ക  ഉരിക്കും. തേങ്ങ പൊതിക്കുന്ന പണിയുമുണ്ട്. അതാണെങ്കിൽ ദിവസം 600 തേങ്ങ മെയ് കണ്ണാക്കി പൊതിക്കും. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ അങ്ങോട്ടും ഇങ്ങോട്ടും വടികുത്തി ചെരുപ്പിടാത്ത കാലുമായി നടന്നെത്തും. 
ജന്മനാ കാഴ്ചശക്തിയില്ലാത്ത തമ്പാനേട്ടൻ പത്തു വയസു മുതൽ കൂലിപ്പണിക്കിറങ്ങി. അക്കാലത്ത് കഞ്ഞിയും പയറും മാത്രമാണ് കൂലി. ഇരുട്ട് മാത്രം ഭക്ഷിച്ച് ജീവിച്ച കുട്ടിക്കാലത്ത്, ആ കഞ്ഞീം കറിയും, വിശപ്പുകെടുത്തിയ വെളിച്ചമാണ് അദ്ദേഹത്തിന്.
പരിചയക്കാർ മുന്നിൽ വന്ന് മുരടനക്കിയാൽ തന്നെ  ആളെ മനസിലാകും. റോഡിലൂടെ പോകുന്ന തമ്പാനേട്ടനെ വണ്ടിയോടിക്കുന്നവർക്കും മനസ്സിലാകും. 
ഷർട്ടിടാതെ, തോർത്തും മുണ്ടുമല്ലാത്ത തരം ഒറ്റത്തുണി ചുറ്റി, ജീവിതത്തിൻ നിറഞ്ഞ ചിരിയോടെ പ്രകാശം ചൊരിയുകയാണ് അദ്ദേഹം. ഒന്ന് നീട്ടി വിളിച്ചാൽ നിറകൺചിരിയാണ് ആ ജീവിതം നിറയെ. നമ്മൾക്ക് കണ്ടാലും കണ്ടാലും മനസിലാകാത്ത അധ്വാനിയുടെ ജീവിതമാണത്. വീട്ടിൽ ഭാര്യ ഭവാനിയും മകൻ സന്തോഷും കൂട്ടിനുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top