25 November Monday

കൈറ്റ്‌ ഉപജില്ലാ ക്യാമ്പുകൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായി നായന്മാർമൂല ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ഉപജില്ലാ ക്യമ്പിൽനിന്ന്‌

കാസർകോട്‌

പൊതുവിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ഉപജില്ലാ ക്യാമ്പുകൾ തുടങ്ങി. എഐ സംവിധാനം ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങാകുന്ന  പ്രോഗ്രാം ക്യാമ്പുകളിൽ തയ്യാറാക്കും. ഒപ്പം പരിസ്ഥിതി സംരക്ഷണത്തിനുള്ള അനിമേഷൻ പ്രോഗ്രാമും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കും.
സംസാരിക്കാനും കേൾക്കാനും പ്രയാസം നേരിടുന്ന കുട്ടികൾക്ക് ആംഗ്യഭാഷയിൽ സംവദിക്കാൻ കഴിവുള്ള പ്രോഗ്രാമാണ്‌ എഐ ഉപയോഗിച്ച് തയ്യാറാക്കുന്നത്.  നഗരവൽക്കരണത്തിലൂടെ നശിച്ച പ്രദേശം രണ്ടുപക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെ എന്ന ആശയം അനിമേഷൻ ചിത്രത്തിലൂടെയും തയ്യാറാക്കും. 
ജില്ലയിൽ 122 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 11,231 അംഗങ്ങളാണുള്ളത്‌. ഇവരിൽ നിന്നും  831 കുട്ടികൾ ഉപജില്ലാക്യാമ്പിൽ പങ്കെടുക്കും. 82 കുട്ടികളെ ഡിസംബറിൽ നടക്കുന്ന ജില്ലാക്യാമ്പിലേക്കും തെരഞ്ഞെടുക്കും. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ്  ക്യാമ്പുകൾ ക്രമീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top