പള്ളിക്കര
തീരത്തെ കാഴ്ചകൾകണ്ട് ഉല്ലസിച്ച് നടക്കുമ്പോൾ പെട്ടന്നതാ വൻരൂപം. അന്തം വിട്ടുപോയി. അല്ല പേടിച്ചുപോയതു തന്നെ... ആ പേടി ഒറ്റ നിമിഷത്തേക്ക് മാത്രം. പെട്ടന്നതാ ആ വൻ രൂപം പ്രത്യേക ആംഗ്യം കാട്ടുമ്പോൾ ഏത് ഗൗരവക്കാരനും ചിരിക്കും. എന്നാൽ ചിരിപ്പിക്കണമെങ്കിൽ കൂടുതൽ ടെൻഷനടിക്കണമെന്നാണ് ബേക്കൽ ബീച്ച് കാർണിവലിലെ വൻഉയരമുള്ള രൂപത്തിലെത്തി ജോക്കറായി കുടുകുടെ ചിരിപ്പിക്കുന്ന രാജസ്ഥാനിലെ അഭിമാൻ പറയുന്നത്.
‘‘ചിരിക്കാൻ കഴിയാത്തവർ ഒരു കച്ചവടം നടത്താൻ പോലും യോഗ്യരല്ല’’ – ചൈനീസ് പഴമൊഴിയുദ്ധരിച്ച് അഭിമാൻ പറഞ്ഞു.
ഉള്ളിലുള്ള ഭയം, ആകാംക്ഷ, നിരാശ തുടങ്ങിയ നെഗറ്റീവ് ആയ വികാരങ്ങളെ മറയ്ക്കാൻ പുഞ്ചിരിക്കുന്ന മുഖത്തിനാകുമെന്നും അഭിമാൻ പറഞ്ഞു. മേരാനാം ജോക്കറിലെ രാജ് കപൂറിന്റെ പ്രകടനം നിത്യവും മൊബെലിൽ കാണുന്ന അഭിമാന്റെ ജീവിതത്തിനുമുണ്ട് ചിരിക്കപ്പുറമുള്ള സങ്കടങ്ങൾ.
ഭൂപേന്ദ്ര ബഡ്‌സിയുടെ നേതൃത്വത്തിലുള്ള മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോയ്ഫുൾ ഇവന്റ്സിലെ കലാകാരന്മാരാണ് ബേക്കൽ ബീച്ച് കാർണിവലിൽ സന്ദർശകരുടെ മനംകവർന്ന് കലാപ്രകടനങ്ങൾ കാഴ്ചവെക്കുന്നത്.
കൈകൾകൊണ്ട് അത്ഭുത പ്രകടനം നടത്തുന്ന ജഗ്ളർ, ഉയരം കുറഞ്ഞ ഡ്വാർഫ്, സ്വർണ നിറമുള്ള ഗോൾഡ് മാൻ, കണ്ണാടി വസ്ത്രം ധരിച്ച മിറർമാൻ, ഫയർമാൻ, 12 അടി ഉയരമുള്ള സ്റ്റിൽഡ് വാക്കർ തുടങ്ങിയ കലാ പ്രകടനങ്ങൾ മാഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിമാനൊപ്പം അസിം, ലിങ്കൺ, അർമാൻ, ഷാരൂഖ്, സിദ്ധാർഥ്, ഹുസൈൻ എന്നിവരാണ് അവതരിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..