25 December Wednesday

വീട്ടിൽ പൈപ്പ്‌ ഗ്യാസ്‌ മാർച്ചിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024
കാസർകോട്‌
ഗെയിൽ പൈപ്പ്‌ ലൈനിൽനിന്നും വീട്ടിലേക്ക്‌ ഗ്യാസ്‌ എത്തിക്കുന്ന സിറ്റി ഗ്യാസ്‌ പദ്ധതി അടുത്ത മാർച്ചിൽ ഉദ്‌ഘാടനം ചെയ്യും. അജാനൂർ പഞ്ചായത്തിലെ നാലുവാർഡുകളിലെ ആയിരത്തോളം വീട്ടിൽ കണക്‌ഷൻ നൽകും. അതിന്റെ നിർമാണം പുരോഗമിക്കുന്നു. കണക്‌ഷൻ വേണ്ടവരുടെ രജിസ്‌ട്രേഷൻ പഞ്ചായത്ത്‌ അംഗങ്ങളുടെ സഹായത്തോടെ കമ്പനി അധികൃതർ ശേഖരിച്ചു കഴിഞ്ഞു.
   അജാനൂർ പഞ്ചായത്തിലെ ആറാം വാർഡ്‌ അടോട്ട്‌, ഏഴാം വാർഡ്‌ വെള്ളിക്കോത്ത്‌, എട്ടാം വാർഡ്‌ കാട്ടുകുളങ്ങര, ഒമ്പതാം വാർഡ്‌ പുതിയകണ്ടം എന്നിവിടങ്ങളിലെ വീടുകളിലാണ്‌ ആദ്യം ഘട്ടം കണക്‌ഷൻ നൽകുന്നത്‌. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെ സംയുക്ത സംരംഭമായ സിറ്റി ഗ്യാസ്‌  പദ്ധതി വഴിയാണ്‌ ഗ്യാസ്‌ എത്തിക്കുന്നത്‌. അമ്പലത്തറയിലെ ഗെയിൽ പൈപ്പ്‌ ലൈനിലെ  വാൽവ്‌ സ്‌റ്റേഷനിൽനിന്ന്‌ മാവുങ്കാൽ കോട്ടപ്പാറ സ്‌റ്റേഷനിൽ എത്തിക്കും. അവിടെ നിന്ന്‌ എംഡിപിഇ പൈപ്പുകൾ വഴിയാണ്‌ വീടുകളിലേക്ക്‌  വിതരണം. 
   മാർച്ചിൽ അജാനൂർ പഞ്ചായത്ത്‌ കണക്‌ഷൻ കഴിഞ്ഞാൽ, 2025ൽ തന്നെ കാഞ്ഞങ്ങാട്‌ നഗരസഭിയിലേക്കുള്ള കണക്‌ഷൻ വലിക്കും. മഴക്കാലം കഴിഞ്ഞാകുംഇതെന്ന്‌ ഇന്ത്യൻ ഓയിൽ–- അദാനി ഗ്യാസ്‌ ഗ്രൂപ്പിന്റെ കണ്ണൂർ, കാസർകോട്‌ ജ്യോഗ്രഫിക്കൽ ഏരിയാ മാനേജർ ജിതേഷ്‌ രാധാകൃഷ്‌ണൻ പറഞ്ഞു. 
   കാഞ്ഞങ്ങാടിന്‌ പിന്നാലെ കാസർകോട്‌, നീലേശ്വരം  എന്നിവിടങ്ങളിലും വിതരണമുണ്ടാകും. ജില്ലയിൽ ഒരുലക്ഷം കണക്‌ഷനാണ്‌സിറ്റി ഗ്യാസ്‌ ലക്ഷ്യമിടുന്നത്‌.

ഗുണം മെച്ചം; വില തുച്ഛം 

പൈപ്പിലൂടെയുള്ള പാചകവാതകത്തിന്‌ (പിഎൻജി) എൽപിജിയെക്കാളും വിലകുറവാണ്‌. സിലിൻഡർ കാലിയാകുന്ന പ്രശ്‌നവുമില്ല. അപകടനിരക്കും തീരെയില്ല. ജല, വൈദ്യുതി ബില്ലുകൾ പോലെ രണ്ടുമാസത്തിലൊരിക്കലാണ്‌ ബിൽ റീഡിങ്‌. വാഹനങ്ങളിലും ഈ ഗ്യാസ്‌ ഉപയോഗിക്കാം.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top