25 December Wednesday

അവകാശങ്ങൾക്കായി ശബ്ദമുയർത്തി....

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ജില്ലാ ബാലപാർലമെന്റ് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

മടിക്കൈ

വിദ്യാഭ്യാസ നയം സർക്കാരിന്‌ കരുത്തായെന്ന്‌ ‘ പ്രധാനമന്ത്രി’  എടുത്തുകാട്ടിയപ്പോൾ  കുട്ടികളെ വഴിതെറ്റിക്കുന്ന നയമെന്ന്‌  ‘പ്രതിപക്ഷ നേതാവിന്റെ ’ പ്രതിരോധം. ഇരുഭാഗങ്ങളിലും നടന്ന ശക്തമായ പ്രസംഗങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ശബ്ദ വോട്ടോടെ നന്ദിപ്രമേയം പാസാക്കിയപ്പോൾ  കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച ബാല പാർലമെന്റിൽ  ജനാധിപത്യത്തിലെ  പ്രധാനപാഠം  കുട്ടികൾ പഠിച്ചു. 
പിടിഎയിൽ വിദ്യാർഥി പ്രാതിനിധ്യം ഉറപ്പാക്കുക, വിദ്യാർഥി ഗ്രാമസഭകൾ സംഘടിപ്പിക്കുക തുടങ്ങിയ വിഷയം ഉന്നയിച്ചുള്ള  അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതും പാർലമെന്റിൽ കണ്ടു.  ജില്ലയിലെ കുടുംബശ്രീ സിഡിഎസ്സുകളിൽനിന്ന്‌ തെരഞ്ഞെടുത്തവരായിരുന്നു പാർലമെന്റംഗങ്ങൾ. പ്രതിപക്ഷത്തും ഭരണപക്ഷത്തുമിരുന്ന്‌ അവർ വീറോടെ പൊരുതി.  
കുട്ടികളെ നേതൃത്വപരമായ കഴിവുകൊണ്ട് സജ്ജരാക്കുക, ജനാധിപത്യത്തെയും ജനാധിപത്യ പ്രക്രിയകളെയും പരിചയപ്പെടുത്തുക എന്നലക്ഷ്യത്തോടെ മടിക്കൈ കാരാക്കോട്‌  ഫാം പത്തായപ്പുരയിൽ കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭ സംഘടിപ്പിച്ച  ജില്ലാ ബാലപാർലിമെന്റാണ്‌ കുട്ടികൾക്ക്‌ പുതിയ അറിവായത്‌. എം രാജഗോപാലൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു . എഡിഎം സി കിഷോർ കുമാർ അധ്യക്ഷനായി.  ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി ടി സുരേന്ദ്രൻ  മുഖ്യഥിതിയായി. കെ വി ലിജിൻ, എം  രേഷ്മ, സി കെ പവിത്രൻ, വി വിജയകുമാർ, കെ സുനിത എന്നിവർ സംസാരിച്ചു .മികച്ച ബാല പാർലമെന്റേറിയനായി   വെസ്റ്റ് എളേരി പഞ്ചായത്തിലെ ആൻ ജോസഫിനെ തിരഞ്ഞെടുത്തു.  കെ ചന്ദന , കെ എസ് അർഫാന ,കെ കാർത്തിക്,ആൻ ജോസഫ് , സി കെ ശ്രീഷ്മ, ആര്യ ഗോപാൽ-, നിഷിത,ആര്യലക്ഷ്മി, ശ്രീനന്ദ ,തീർഥ, ശാഹുൽ ആൽവാരിസ്  എന്നിവർ സംസ്ഥാന ബാലപാർലമെന്റിലും പങ്കെടുക്കും.   സമാപന സമ്മേളനം മടിക്കൈ  പഞ്ചായത്ത് പ്രസിഡന്റ്‌ എസ്  പ്രീത ഉദ്ഘാടനം ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top