കാസർകോട്
കോവിഡ് രോഗവ്യാപനം കൂടിയതോടെ മാറ്റിവച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ചൊവ്വാഴ്‌ച ആരംഭിക്കും. ജില്ലയിൽ 53344 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. 153 സെന്ററുകളിലായി 19630 കുട്ടികളാണ് എസ്എസ്എൽ സി പരീക്ഷയെതുക. ഹയർസെക്കൻഡറി തലത്തിൽ106 സെന്ററുകളിലായി 16677 പ്ലസ് വൺ വിദ്യാർത്ഥികളും 17037 പ്ലസ് ടു വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതുക. 22 സെന്ററുകളിലായി 3000 വിഎച്ച്‌സി കുട്ടികളും പരീക്ഷയെഴുതും. പത്താംതരം പരീക്ഷ എഴുതേണ്ട 297 വിദ്യാർത്ഥികളാണ് കർണാടകയിൽ ഉള്ളത്. ഇതിൽ 33 കുട്ടികൾ സ്വന്തമായി എത്തി പരീക്ഷ എഴുതാമെന്ന് അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 264 പത്താംതരം വിദ്യാർഥികളും കർണാടകയിൽ നിന്നുള്ള 204 ഹയർസെക്കൻഡറി വിദ്യാർത്ഥികളുമാണുള്ളത്.പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. ഹോട്‌സ്‌പോട്ടായ പഞ്ചായത്തുകളിലും മുൻസിപാലിറ്റിയിലും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇവിടെത്തന്നെ പരീക്ഷ എഴുതാം.എന്നാൽ കണ്ടയിന്റ്‌മെന്റ് സോണുകളിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ പ്രത്യേകം മാറ്റി മറ്റൊരു മുറിയിലാണ് പരീക്ഷ എഴുതുക.
പരീക്ഷയെഴുതുന്ന വിദ്യാലയത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതിയ്ക്കായി കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ സബ്കലക്ടർ അനുവദിച്ച പാസുമായി രാവിലെ പത്തിന് മുമ്പ് മഞ്ചേശ്വരം തലപ്പാടി അതിർത്തി ചെക്ക് പോസ്റ്റിൽ എത്തണം. ഇവരെ കെ എസ്ആർടിസി ബസുകളിൽ വിദ്യാലയങ്ങളിൽ എത്തിക്കും.പരീക്ഷ കഴിയുന്നത് വരെ ഈ വിദ്യാർത്ഥികളുടെ താമസം, ഭക്ഷണം എന്നിവയടക്കമുള്ള ചുമതല അതാത് സ്‌കൂളുകൾക്കായിരിക്കും. സ്‌കൂളുകൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാസ്‌ക്കുകൾ വീടുകളിൽ എത്തിച്ചിട്ടുണ്ട്.
പ്രൈവറ്റ് ബസുകൾ പരീക്ഷാ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 വരെ പതിവ് സർവീസ് നടത്തണം. രാവിലെ 8.30 മുതൽ പകൽ രണ്ട് വരെ സ്‌കൂൾ പരിസരങ്ങളിലും, വഴിയോരങ്ങളിലും പോലീസ്, മോട്ടോർ വെഹിക്കിൾ, റവന്യു അധികൃതരുടെ പെട്രോളിംഗ് സംവിധാനം ഏർപ്പെടുത്തും.
.പരീക്ഷ എഴുതുന്ന കുട്ടികൾക്കു സ്‌കൂളോ രക്ഷിതാവോ ഒരുക്കുന്ന യാത്രാ സൗകര്യം ലഭ്യമല്ലെങ്കിൽ പോലീസ് വാഹനത്തിൽ എത്തിക്കും. ബന്ധപ്പെടേണ്ട നമ്പർ 9497990142, 9497935841. സ്‌കൂളുകളിൽ തെർമൽ സ്‌കാനർ ഉപയോഗിക്കുന്നതിനും, സാമൂഹിക അകലം, ശാരീരിക ശുചിത്വം എന്നിവ ഉറപ്പു വരുത്തുന്നതിനും നിയോഗിക്കപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശാ പ്രവർത്തകർ സ്‌കൂളിൽ രാവിലെ 7.45 ന് റിപ്പോർട്ട് ചെയ്യണം. 9447856131 നമ്പറിൽ സ്‌കൂൾ വിളിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..