ചെർക്കള
മംഗളൂരുവിൽനിന്നും കൊച്ചിയിലേക്ക് പാചകവാതകവുമായി വരികയായിരുന്ന ടാങ്കർ ലോറി എടനീരിൽ നിയന്ത്രണംവിട്ട് മറിഞ്ഞു. ബുധൻ പകൽ പന്ത്രണ്ടരയോടെ ചെർക്കള–- കല്ലടുക്ക സംസ്ഥാന പാതയിൽ എടനീർ കോരിക്കാർ മൂലയിലാണ് അപകടം. റോഡിനു കുറുകെ മറിഞ്ഞുവീണ ടാങ്കറിൽനിന്ന് വാതകം ചോരുന്നതായി സംശയമുയർന്നത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. വിവരമറിഞ്ഞ് കാസർകോട്ടുനിന്നും അസി. സ്റ്റേഷൻ ഓഫീസർ കെ എം രാജേഷിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയെത്തി പരിശോധിച്ചപ്പോൾ വാതകച്ചോർച്ചയില്ലെന്ന് ഉറപ്പാക്കി.
ടാങ്കർ ലോറി റോഡിൽ കിടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും തടഞ്ഞ് എതിർതോട്–- പാടി–- ചെർക്കള വഴി തിരിച്ചുവിട്ടു. വിദ്യാനഗർ ഇൻസ്പെക്ടർ യു പി വിപിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. വൈകിട്ടോടെ മംഗളൂരുവിൽനിന്നും ഇന്ധനക്കമ്പനിയുടെ സാങ്കേതിക വിദഗ്‌ധരെത്തി അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ, മറിഞ്ഞ ലോറിയിൽനിന്നും സിലിണ്ടർ ക്രെയിൻ ഉപയോഗിച്ച് വേർപെടുത്തി മറ്റൊരു ടാങ്കറിലേക്ക് ഘടിപ്പിച്ചു.
ശേഷം മറിഞ്ഞ ലോറി റോഡരികിലേക്ക് മാറ്റി രാത്രി ഒമ്പതോടെ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.
കാസർകോട് –- കാഞ്ഞങ്ങാട് കെഎസ്‌ടിപി പാതയിൽ ചന്ദ്രഗിരി പാലത്തിനുസമീപം അറ്റകുറ്റപ്പണി നടത്തുന്നതിനായി ഗതാഗതം നിരോധിച്ചതിനാൽ കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ടാങ്കർ ലോറികൾ അടക്കമുള്ള ചരക്കുവാഹനങ്ങൾ കുമ്പള–- ബദിയടുക്ക വഴി എടനീരിലൂടെയാണ് ചെർക്കള ദേശീയപാതയിലേക്കെത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..