27 December Friday

തേജസ്വിനിയിൽ ആരവം

പി വിജിൻദാസ്‌Updated: Thursday Sep 26, 2024
ചെറുവത്തൂർ
ഉത്തര മലബാർ ജലോത്സവം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്‌ തേജസ്വിനി പുഴയിൽ നടക്കും. എം രാജഗോപാലൻ എംഎൽഎ മന്ത്രി പി എ മുഹമ്മദ്‌ റിയാസുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌  മത്സരം നടത്താനുള്ള അനുമതി ലഭിച്ചത്‌. നടത്തിപ്പിനായി സർക്കാർ അഞ്ച്‌ ലക്ഷം രൂപയും നൽകുമെന്ന്‌ മന്ത്രി എംഎൽഎക്ക്‌ ഉറപ്പ്‌ നൽകി. മത്സരത്തിനാവശ്യമായ അധിക തുക തദ്ദേശ സ്ഥാപനങ്ങൾ, അധിക വിഭവ സമാഹരണം എന്നിവയിലൂടെ കണ്ടെത്തും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നീലേശ്വരം നഗരസഭ, ചെറുവത്തൂർ പഞ്ചായത്ത്, ജനകീയ സംഘാടകസമിതി എന്നിവയുടെ നേതൃത്വത്തിലാണ്‌ തേജസ്വിനി പുഴയിൽ എല്ലാ വർഷവും വള്ളംകളി മത്സരം നടത്തുന്നത്‌. കാര്യംകോട്‌ പാലത്തിന്‌ സമീപമായിരുന്നു വർഷങ്ങളായി മത്സരം അരങ്ങേറിയിരുന്നത്‌. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട്‌ പുതിയ പാലം പ്രവൃത്തി നടന്നു വരുന്നതിനാൽ കഴിഞ്ഞ വർഷം അച്ചാംതുരുത്തിയിലായിരുന്നു മത്സരം.  ഇത്തവണയും അച്ചാംതുരുത്തിയിൽ തന്നെയാകും മത്സരം. മത്സരം നടക്കുമെന്നറിഞ്ഞതോടെ തുഴച്ചിൽ ക്ലബ്ബുകൾ ആവേശത്തിലാണ്‌. 
വള്ളം കളി ടൂറിസം വകുപ്പ്‌ നടപ്പിലാക്കുന്ന ബോട്ട്‌ ലീഗിൽ ഉൾപെടുത്താനുള്ള നിവേദനം നൽകിയിട്ടുണ്ടെന്നും സർക്കാർ പരിഗണിച്ചാൽ അടുത്ത വർഷം മുതൽ ഉത്തരമലബാർ ജലോത്സവം ബോട്ട്‌ ലീഗിൽ ഉൾപ്പെടുത്തി നടത്താൻ സാധിക്കുമെന്നും എംഎൽഎ പറഞ്ഞു. 
 
ക്ലബ്ബുകൾ ഒരുങ്ങിക്കോളൂ; കരുത്തുകാട്ടാൻ
ഉത്തര മലബാർ ജലോത്സവം നടത്താൻ അനുമതി ലഭിച്ചതോടെ മത്സരത്തിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾ സന്തോഷത്തിലാണ്‌. 
മത്സരം നടക്കുമോ എന്ന ആശങ്കയിലായിരുന്നു ക്ലബ്ബുകൾ. മത്സരത്തിന്റെ പ്രഖ്യാപനം നടന്നാൽ അടുത്ത ദിവസം മുതൽ തേജസ്വിനിയിൽ തുഴച്ചിൽ പരിശീലനത്തിന്റെ ഉത്സവമാണ്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top