28 December Saturday
ഇനി അഞ്ചുനാൾ കലയുടെ മേളം

കലയൂര് വിളിക്കുുന്നു

പി വിജിൻദാസ്Updated: Tuesday Nov 26, 2024

ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള വിളംബര ഘോഷയാത്ര കാഞ്ഞങ്ങാട്‌ നഗരസഭാ ചെയർമാൻ കെ വി സുജാത ചെണ്ട കൊട്ടി ഉദ്‌ഘാടനം ചെയ്യുന്നു

ഉദിനൂർ
ഇന്നുമുതൽ ഉദിനൂർ ഗ്രാമം മറ്റൊരു ചരിത്ര കഥ പറയാനാരംഭിക്കും. എല്ലാ വിധ ഒരുക്കങ്ങളോടെ നാടും വീടും മത്സരാർഥികളെ വരവേൽക്കാനുള്ള ഒരുക്കം പൂർത്തിയാക്കി കാത്തിരിപ്പിന്റെ അവസാന നിമിഷത്തിൽ. ആറായിരം പ്രതിഭകൾ ഉദിനൂരിന്റെ മണ്ണിൽ സംഗമിക്കുന്നതോടെ കലയുടെ താളമേള ആരവം ഉയരും. അഞ്ചുനാളുകളിലായി അരങ്ങേറുന്ന പ്രതിഭകളുടെ സർഗ വൈഭവങ്ങൾ ഗ്രാമത്തിന്റെ മണ്ണിൽ ഒരിക്കലും മായാത്ത മറ്റൊരു ചരിത്രം വരച്ചിടും. ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന  ജില്ലാ കലോത്സവത്തിന്‌ രാവിലെ 9.30ന്‌ ജനറൽ കൺവീനർ ടി വി മധുസൂദനൻ പതാക ഉയർത്തുന്നതോടെ തുടക്കമാകും. മേളയെ വരവേറ്റ്‌ നടന്ന വിളംബര ഘോഷയാത്രയിൽ  ഗ്രാമം ഒന്നാകെ ഒഴുകിയെത്തി. ചെണ്ടമേളവും ബാന്റ്‌ മേളവും താളം പിടിച്ചപ്പോൾ പിന്നിലായി മുഴവനാളുകളും അണിനിരന്നു. വിവിധ കലാരൂപങ്ങൾ കൊഴുപ്പേകി. കലയുടെ കലവറയായ ഉദിനൂരിന്റെ പാരമ്പര്യത്തെ ഒന്നുകൂടി അരക്കിട്ട്‌ ഉറപ്പിക്കുന്നതായിമാറി ഘോഷയാത്ര. നടക്കാവിൽ നിന്നും ആരംഭിച്ച്‌ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ്‌ സമാപിച്ചത്‌.  ഘോഷയാത്ര കാഞ്ഞങ്ങാട്‌ നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത ചെണ്ടകൊട്ടി ഉദ്‌ഘാടനം ചെയ്‌തു. പി വിജിൻദാസ്‌ അധ്യക്ഷനായി. ഡിഡിഇ ടി വി മധുസൂദനൻ സംസാരിച്ചു. റഷീദ്‌ മൂപ്പന്റകത്ത്‌ സ്വാഗതം പറഞ്ഞു. 

വിരിയും ഇന്ന്‌ പുതിയ 
കഥയും കവിതയും 

കലോത്സവത്തിന്റെ ആദ്യദിനത്തിൽ ഓഫ്‌ സ്‌റ്റേജ്‌ മത്സരങ്ങളാണ്‌. ഉപജില്ലകളിൽനിന്നും കഴിവ്‌ തെളിയിച്ചവർ പുതിയ സൃഷ്ടികൾ സമ്മാനിക്കും. വിവിധ ഭാഷകളിലുള്ള കഥ, കവിതാ, ഉപന്യാസ രചനകൾ,  ചിത്ര രചന, ജലഛായം, ഓയിൽ കളർ  മത്സരങ്ങൾ നടക്കും.  മലയാളം പ്രസംഗം, മലയാളം പദ്യം ചൊല്ലൽ, ബാന്റ്‌മേളം എന്നിവയുമുണ്ട്‌.

റെഡിയാണ്‌  കുട്ടിപ്പട്ടാളം

കലോത്സവത്തിന്റെ വിവിധ വേദികൾ, സബ്‌ കമ്മിറ്റി ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം സേവനം ഉറപ്പുവരുത്താൽ സ്‌കൂളിലെ എസ്‌പിസി, സ്‌കൗട്ട്‌ ആൻഡ്‌ ഗൈഡ്‌, ജൂനിയർ റെഡ്‌ക്രോസ്‌, ലിറ്റിൽ കൈറ്റ്‌സ്‌, എക്കോ ക്ലബ്ബ, എൻഎസ്‌എസ്‌ വളണ്ടിയർമാർ എന്നിവർ ഒരുങ്ങിക്കഴിഞ്ഞു. കലോത്സവത്തിന്‌ എത്തുന്നവർക്ക്‌ ലഘു ഭക്ഷണവും നൽകാൻ എസ്‌പിസിയുടെ ചായക്കടയും കലോത്സവം വൈബാക്കാൻ സെൽഫി പോയിന്റും ഒരുക്കി.

ഹരിതാഭയിൽ വിശ്രമിക്കാം

പ്രകൃതി സൗഹൃദ അന്തീക്ഷമാണ്‌ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ക്യാമ്പസ്‌. വവിധ മാവുകളും മറ്റ്‌ മരങ്ങളുടെയും ഉദ്യാനം തന്നെ ഇവിടെയുണ്ട്‌. കലോത്സവ നഗരിയിലെത്തുന്നവർക്ക്‌   മരത്തണിൽ വിശ്രമിക്കാൻ  ഒരിടം ഒരുക്കിയിട്ടുണ്ട്‌.  ജില്ല ഹരിതകർമ സേന, സ്‌കൂൾ ഹതിത സേന, ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ എന്നിവയാണ്‌  പാർക്ക്‌ ഒരുക്കിയത്‌. ഓല, മുള, കൈതോലപ്പായ, പുരപ്പുല്ല്‌ തുടങ്ങിയവ കൊണ്ടാണ്‌ പാർക്കിന്റെ നിർമാണം.  സുരഭി ഈയക്കാട്‌, ഭാസി വർണലയം, ഒ പി ചന്ദ്രൻ, പി പി രാജൻ, പി അജിത്ത്‌കുമാർ, വിജയകുമാർ, കെ വി രാജൻ, കെ വി ഭരതൻ, കെ വി ബാബു എന്നിവരാണ്‌ നിർമാണ ശിൽപികൾ. 

വരവേൽക്കാൻ 
കുരുത്തോല തോരണം

കലോത്സവം പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ്‌.  വേദികളും വഴിയിടങ്ങളും അലങ്കരിക്കാൻ സ്‌കൂളിൽ കുരുത്തോല തോരണം ഒരുങ്ങി. പ്രോട്ടോക്കോൾ കമ്മിറ്റി നേതൃത്വത്തിലാണ്‌ തോരണം ഒരുക്കുന്നത്‌.  ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മുതൽ ഉദിനൂർ സെൻട്രൽ എയുപി സ്‌കൂൾ വരെയും കുരുത്തോല കൊണ്ട്‌ നിർമിച്ച  തോരണം  വരവേൽക്കും. 

ഇന്നുമുതൽ വ്യവസായ 
പ്രദർശന മേള

ഉദിനൂർ
ജില്ലാ വ്യവസായകേന്ദ്രം സംഘടിപ്പിക്കുന്ന വ്യവസായ ഉൽപ്പന്ന പ്രദർശന മേള ചൊവ്വ മുതൽ ഉദിനൂരിൽ തുടങ്ങും. ഡിസംബർ ഒന്നുവരെ നടക്കുന്ന മേള, ചൊവ്വ രാവിലെ 10ന്‌ എം രാജഗോപാലൻ ഉദ്‌ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top