മാണിയാട്ട്
പിലിക്കോട് പഞ്ചായത്തിനെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ചന്തേര മേൽപ്പാലം നിർമാണം വേഗത്തിലാക്കണമെന്ന് സിപിഐ എം തൃക്കരിപ്പൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പടന്ന, വലിയപറമ്പ് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ദേശീയപാതയിലെത്താനും വിദ്യാർഥികൾക്ക് തൃക്കരിപ്പൂർ പോളിയിലെത്താനും മേൽപ്പാലം സഹായിക്കും. ഇപ്പോൾ 10 കിലോമീറ്ററോളം ചുറ്റിയാണ് സഞ്ചരിക്കുന്നത്. യാത്രാദുരിതം പരിഹരിക്കാൻ ഒന്നരക്കോടി രൂപ ചിലവിട്ട് നിർമിച്ച അടിപ്പാത ഉപകാരമായില്ല.
എംഎൽഎയുടെയും സിപിഐ എമ്മിന്റെയും ഇടപെടലിൽ ബജറ്റിൽ 20 കോടി രൂപ ടോക്കൺ തുക അനുവദിച്ചിരുന്നു. ആവശ്യമായ തുക വകയിരുത്തി മേൽപ്പാലം യാഥാർഥ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പിലിക്കോട്, മാണിയാട്ട് വില്ലേജിലെ റീസർവേയിലെ അപാകം പരിഹരിക്കുക, വെള്ളാപ്പ്, ബീരിച്ചേരി മേൽപ്പാലങ്ങൾ നിർമിക്കുക, ഏച്ചിക്കൊവ്വൽ റോഡ് പാലം യാഥാർഥ്യമാക്കുക, സിആർ സെഡ് നിയമത്തിൽ വലിയപറമ്പ് പഞ്ചായത്തിന് ഇളവ് നൽകുക, പിലിക്കോട് ഐടിഐ കെട്ടിടം യാഥാർഥ്യമാക്കുക, വെള്ളച്ചാൽ രാജീവ് ദശലക്ഷം വീട് കോളനി വാസയോഗ്യമാക്കുക, തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കുക, കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുക, കൊടക്കാട് നാടൻ കലാ കേന്ദ്രം യാഥാർഥ്യമാക്കുക, ഭിന്നശേഷിക്കാർക്ക് പിലിക്കോട് ബഡ്സ് സ്കൂൾ അനുവദിക്കുക എന്നീ പ്രമേയങ്ങളും അവതരിച്ചു.
പൊതുചർച്ചയ്‌ക്ക് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും ഏരിയാസെക്രട്ടറി ഇ കുഞ്ഞിരാമനും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദ്ദനൻ, എം രാജഗോപാലൻ എംഎൽഎ, വി കെ രാജൻ, ജില്ലാകമ്മിറ്റിയംഗങ്ങളായ വി പി പി മുസ്തഫ, കെ വി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. പി പി സുകുമാരൻ, എൻ രവീന്ദ്രൻ, ടി വി കുഞ്ഞികൃഷ്ണൻ, പി വി ചന്ദ്രൻ, സി ഭരതൻ, പി ശൈലജ, കെ മനോഹരൻ എന്നിവർ പ്രമേയം അവതരിപ്പിച്ചു. എം രാമചന്ദ്രൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതിക്കുവേണ്ടി ടി വി ബാലനും പ്രസീഡിയത്തിനുവേണ്ടി എം വി ചന്ദ്രനും നന്ദി പറഞ്ഞു.
സമ്മേളനത്തിന് സമാപനംകുറിച്ച് കാലിക്കടവ് കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർമാരുടെ അകമ്പടിയോടെ പ്രകടനം ആരംഭിച്ചു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, എം രാജഗോപാലൻ എംഎൽഎ, സാബു അബ്രഹാം, ഇ കുഞ്ഞിരാമൻ, കെ വി ജനാർദ്ദനൻ, എം വി കോമൻനമ്പ്യാർ, ടി വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എം വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. കോറസ് കലാസമിതി വനിതാവേദിയുടെ സംഗീത ശിൽപവും അനീഷ് ഫോക്കസിന്റെ നിലാമഴ ഗസലും അരങ്ങേറി.
പി കുഞ്ഞിക്കണ്ണൻ സെക്രട്ടറി
മാണിയാട്ട്
സിപിഐ എം തൃക്കരിപ്പൂർ ഏരിയ സെക്രട്ടറിയായി പി കുഞ്ഞിക്കണ്ണനെ ഏരിയാ സമ്മേളനം തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 25 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. കെ വി ജനാർദ്ദനൻ, എം വി ചന്ദ്രൻ, എം രാമചന്ദ്രൻ, പി ശ്യാമള, ടി വി കുഞ്ഞികൃഷ്ണൻ, പി പി സുകുമാരൻ, പി കെ ലക്ഷ്മി, വി വി സജീവൻ, പി പി പ്രസന്നകുമാരി, സി വി നാരായണൻ, പി എ റഹ്മാൻ, ഇ കെ മല്ലിക, പി സനൽ, സി മാധവൻ, പി പി ചന്ദ്രൻ, കെ മോഹനൻ, എം വി സുജിത്ത്, കെ പ്രഭാകരൻ, സി ഭരതൻ, സി വി ശരത്ത് എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..