22 November Friday
മഴ, ചുഴലിക്കാറ്റ്‌

വൈദ്യുതി മേഖലയ്ക്ക് 16 കോടിയുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024
കാസർകോട്‌
ഇടതടവില്ലാത്ത മഴയും കഴിഞ്ഞ ദിവസം വീശിയടിച്ച ചുഴലിക്കാറ്റും  ജില്ലയിലെ വൈദ്യുതി മേഖലയ്ക്ക് ഉണ്ടാക്കിയത് ഭീമമായ നഷ്ടം. എച്ച്ടി ഫീഡറുകളിൽ മരങ്ങൾ കടപുഴകിയതിനാൽ കാസർകോട്‌, കാഞ്ഞങ്ങാട് ഡിവിഷനുകളിലായി എല്ലായിടത്തും വൈദ്യുതി മുടങ്ങി.  
രാത്രിയിൽ ഉൾപ്പെടെ ജീവനക്കാർ  വൈദ്യുതി തിരിച്ചെത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. മൂന്ന് ലക്ഷത്തിനടുത്ത് ഉപഭോക്താക്കളാണ്  ഇരുട്ടിലായത്. രാത്രിയാണ് ഫീഡർ തകരാറിലായതും ലൈൻ പൊട്ടിവീണതുമായ പരാതി വലിയതോതിൽ എത്തിത്തുടങ്ങിയത്. പൊട്ടിവീണ ലൈനുകളിൽ നിന്നും ആർക്കും അപകടം സംഭവിക്കാതിരിക്കാൻ വളരെ കരുതലോടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ജൂൺ മുതൽ 1046 ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി എത്തിക്കാനാവാത്തവിധം 223 ഹൈടെൻഷൻ തൂണുകളാണ് തകർന്നത്. 33 കെവി ലൈനുകൾക്കും 11 കെവി ലൈനുകൾക്കും വ്യാപക തകരാർ സംഭവിച്ചു. 2147 ലോ ടെൻഷൻ തൂണുകളും പൊട്ടിവീണു. 6797 സ്ഥലങ്ങളിൽ ലൈൻ മുറിഞ്ഞുവീണു. 16.51 കോടി രൂപയുടെ നഷ്ടമാണ്   ജില്ലയിലെ വൈദ്യുതി വിതരണ മേഖലയ്ക്ക് ഉണ്ടായത്.
അതാതിടങ്ങളിൽ ലഭ്യമായ ജീവനക്കാരെയും കരാർ തൊഴിലാളികളെയും മുഴുവനായി ഉപയോഗിച്ചാണ്‌ വൈദ്യുതി പുനസ്ഥാപിക്കാനുള്ള പ്രവർത്തനം നടക്കുന്നത്‌.  
ലൈൻ പൊട്ടിവീണ് അപകട സാധ്യതയുള്ളതിന്റെ വിവരങ്ങൾ 9496010101 എന്ന ഹോട്ട് ലൈൻ  നമ്പറിലും കാസർകോട്‌ ഇലക്ട്രിക്കൽ സർക്കിൾ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറായ 9496100431   ലും അറിയിക്കാം. മറ്റുപരാതി 9496001912 എന്ന ടോൾഫ്രീ നമ്പറിലും അറിയിക്കാൻ സൗകര്യമുണ്ട്. പ്രതികൂല കാലാവസ്ഥയാണ് വൈദ്യുതി തടസ്സത്തിനും സേവനങ്ങൾക്കുള്ള കാലതാമസത്തിനും കാരണം എന്ന ബോധ്യത്തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമായി ജീവനക്കാരോട് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top