ചെറുവത്തൂർ
ആലപ്പുഴയിലെ തുഴച്ചിൽ കരുത്തന്മാർക്കൊപ്പം വടക്കിന്റെ തുഴച്ചിൽ താരങ്ങൾ പുന്നമടക്കായലിൽ പരിശീലനത്തിൽ. ആലപ്പുഴയിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ പത്തനംതിട്ട നിരണം ബോട്ട് ക്ലബ്ബിന് തുഴയെറിയാനാണ് ജില്ലയിലെ തുഴച്ചിൽ സംഘം പരിശീലനം ആരംഭിച്ചത്. ജില്ലയിലെ വിവിധ ക്ലബ്ബുകളിൽനിന്നും തെരഞ്ഞെടുത്ത 20 പേരാണ് നിരണം ചുണ്ടനായി തുഴയെറിയുക.
100 പേർ തുഴയും മത്സരത്തിലാണ് മാറ്റുരക്കുന്നത്. പത്തനംതിട്ട നിരണം ബോട്ട് ക്ലബ്ബിന്റെ സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള ഏക ലക്ഷ്യത്തിലാണ് ഇവർ. പുന്നമടക്കായലിൽ ആഗസ്‌ത് 10നാണ് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്. നിരണം ബോട്ട് ക്ലബ്ബ് മൂന്നാം മത്സരത്തിനിറങ്ങുമ്പോൾ നെഹ്‌റു ട്രോഫിയിൽ കുറഞ്ഞതൊന്നും അവർ ആഗ്രഹിക്കുന്നില്ല.
മികച്ച തുഴച്ചിൽക്കാരെ കണ്ടെത്താനുള്ള ശ്രമം മാസങ്ങൾക്ക് മുമ്പേ തുടങ്ങിയിരുന്നു. ജില്ലയുടെ തുഴച്ചിലുകാരുടെ സംഘശക്തിയും വൈഭവവും കേട്ടറിഞ്ഞ പ്രവർത്തകർ ഇവിടെയെത്തി മികച്ച തുഴച്ചിൽക്കാരെ കണ്ടെത്തുകയായിരുന്നു. ഈ മാസം 10 മുതൽ ആലപ്പുഴ കരുവാറ്റക്കായലിൽ കഠിന പരിശീലനത്തിലാണ് നമ്മുടെ താരങ്ങൾ.
വടക്കിന്റെ തുഴച്ചിൽക്കരുത്തിൽ ഇത്തവണ ക്ലബ്ബിന് ഒന്നാം സ്ഥാനം നേടിക്കൊടുക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണവർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..