നീലേശ്വരം
വീടും പറമ്പും ജപ്തി ഭീഷണിയിലായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമായിരുന്ന സഹോദരിമാരെ ചേർത്ത് പിടിച്ച് സഹപാഠികൾ. പള്ളിക്കര ചെമ്മാക്കരയിലെ പള്ളിവളപ്പിൽ തങ്കമണി (54 ) സഹോദരി സുകുമാരി (58) എന്നിവരെയാണ് നീലേശ്വരം രാജാസ് ഹൈസ്കൂളിലെ 84–- 85 ബാച്ച് പൂർവ വിദ്യാർഥി കൂട്ടായ്മ ചേർത്തുപിടിച്ചത്.
തനിച്ചു കഴിഞ്ഞിരുന്ന സഹോദരിമാർ വെയിലും മഴയും കൊള്ളാതെ അന്തിയുറങ്ങാൻ വീടുപണിയുന്നതിനാണ് ബാങ്ക് വായ്പ എടുത്തത്. വാത രോഗിയായ തങ്കമണി ബീഡി തെറുത്താണ് മാനസിക വൈകല്യമുള്ള ചേച്ചിയെ സംരക്ഷിച്ചത്. ബീഡിപ്പണിയിൽ നിന്ന് കിട്ടുന്ന തുച്ഛ വരുമാനം മിച്ചംവച്ച് വായ്പ ഗഡു തിരിച്ചടച്ചിരുന്നു. കോവിഡ് കാലത്ത് ഇരുവർക്കും അസുഖം മൂർച്ഛിച്ചതോടെ തിരിച്ചടവ് മുടങ്ങി. 1.6 ലക്ഷം രൂപയാണ് വായ്‌പ എടുത്തത്.
ഇനി 2.03 ലക്ഷം രൂപയാണ് തിരിച്ചടക്കേണ്ടത്. വൈകിയതോടെ ബാങ്ക് ജപ്തി നടപടി ആരംഭിച്ചു. ഇതറിഞ്ഞതോടെയാണ് സഹപാഠികൾ രംഗത്തിറങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ തുക സ്വരൂപിച്ച് തങ്കമണിയുടെ കുടിശ്ശിക അടച്ചുതീർത്തു.
വീടിന്റെയും പറമ്പിന്റെയും ആധാരം കഴിഞ്ഞദിവസം ബേക്കൽ ക്ലബിൽ നടന്ന സഹപാഠി കുടുംബ സംഗമത്തിൽ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ തങ്കമണിക്കും ചേച്ചി സുകുമാരിക്കും കൈമാറി. വത്സൻ പിലിക്കോട് മുഖ്യാതിഥിയായി. ചിത്രകല ചന്ദ്രൻ, സേതുബങ്കളം, സംഗീതമധു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..