24 November Sunday

ആർഎംഎസ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം പുനപരിശോധിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കാസർകോട്

കാസർകോട് ആർഎംഎസ് ഓഫീസ്, കണ്ണൂർ നാഷണൽ സോർട്ടിങ് ഹബ്ബിൽ ലയിപ്പിക്കാനുള്ള കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.  
നിലവിൽ കത്തിടപാട്‌ സുഗമമായി നടക്കുന്നുണ്ട്‌. ഓഫീസ്‌ കണ്ണൂരിലേക്ക്‌ മാറ്റിയാൽ തരംതിരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ണൂർ നാഷണൽ സോർട്ടിങ് ഹബ്ബിലായിരിക്കും നടക്കുക. ഇത്‌ തപാലുകൾ  വിലാസക്കാരുടെ കൈകളിലെത്താൻ വൈകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
ബസ് കാത്തിരിപ്പ്‌ കേന്ദ്രം: രൂപരേഖ തയ്യാറാക്കും
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഒരുക്കുന്ന ബസ് കാത്തിരിപ്പ്‌ കേന്ദ്രം അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കാൻ  കലക്ടർ നിർദേശം നൽകി. കാത്തിരിപ്പ്‌ കേന്ദ്രം സ്ഥാപിക്കുന്ന സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് തീരുമാനിക്കണം.
ഡോക്ടർമാരെ നിയമിക്കണം
പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ജില്ലാവികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ജില്ലയിൽ  ആരോഗ്യ കേന്ദ്രങ്ങളിൽ 72 ഡോക്ടർമാരുടെ ഒഴിവുണ്ടെന്നും 40 ഡോക്ടർമാരെ നിയമിക്കുന്നതിന് നിയമന ഉത്തരവ് നൽകിയെങ്കിലും 12 പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചതെന്നും ഡെപ്യൂട്ടി ഡിഎംഒ അറിയിച്ചു.
പട്ടയ അപേക്ഷകളിൽ നടപടി ത്വരിതപ്പെടുത്തണം
ഭൂരഹിത ഭവനരഹിത പട്ടികവർഗക്കാരുടെ പട്ടയ അപേക്ഷകളിൽ നടപടി ത്വരിതപ്പെടുത്തുന്നതിന്   കലക്ടർ നിർദ്ദേശം നൽകി. ഇ ചന്ദ്രശേഖരൻ എംഎൽഎയാണ് വിഷയം ഉന്നയിച്ചത്. ഒരേക്കർ വരെ ഭൂമി നൽകുന്നതിനായി നിരസിച്ച കേസുകൾ പുന പരിശോധിക്കുന്നതിനും ഡിജിറ്റൽ സർവേ നടക്കുന്ന വില്ലേജുകളിൽ ഇത്തരം കേസുകളിൽ അന്തിമ തീരുമാനം കൈകൊണ്ട് മുന്നോട്ടുപോകുന്നതിനും തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.
അടിയന്തിര നടപടി വേണം
കാഞ്ഞങ്ങാട് കുശാൽനഗർ റെയിൽവേ മേൽപ്പാലത്തിന് അനുമതിയായെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കു തുക കൈമാറുന്നതിനുള്ള തടസ്സം നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ നിർദ്ദേശിച്ചു. ഇതിനായി ഫിനാൻസ് ഓഫീസറെ  കലക്ടർ ചുമതലപ്പെടുത്തി. 
 യോഗത്തിൽ കലക്ടർ കെ ഇമ്പശേഖർ അധ്യക്ഷനായി. എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ഷാനവാസ് പാദൂർ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, സബ് കലക്ടർ പ്രതീക് ജയിൻ, ജില്ലാ പ്ലാനിങ്‌ ഓഫീസർ ടി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top