കാഞ്ഞങ്ങാട്
ജില്ലാ ഭരണസംവിധാനം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തുന്ന ഐ ലീഡ് പദ്ധതി മാതൃകാപരം. എൻഡോസൾഫാൻ ദുരിതബാധിതരും ഭിന്നശേഷിക്കാരും നേരിടുന്ന വിവിധ പ്രതിസന്ധികൾ നേരിടാൻ ജില്ലാ ഭരണ സംവിധാനവും സാഹൂഹികനീതി വകുപ്പും എൻഡോസൾഫാൻ സെല്ലും ചേർന്ന് ആവിഷ്‌കരിക്കുന്ന സംയോജിത ഉപജീവന പദ്ധതിയാണ് ഐ ലീഡ്.
ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവർക്ക്, പ്രത്യേകിച്ചും എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാമ്പത്തികമായി സ്വതന്ത്രരാവുന്നതിലും മുഖ്യധാര സമൂഹത്തിന്റെ ഭാഗമാകുന്നതിലും ബുദ്ധിമുട്ടുണ്ട്. നൈപുണ്യ വികസനത്തിലൂടെയും ഉപജീവന പിന്തുണയിലൂടെയും അവർക്ക് സമഗ്ര വികസനവും സ്വാശ്രയത്വവും ഉറപ്പാക്കാൻ ഐ ലീഡ് പദ്ധതി ലക്ഷ്യമിടുന്നു. ആദ്യഘട്ടത്തിൽ പ്രശ്‌നങ്ങൾ കണ്ടെത്താൻ പ്രത്യേക ഗ്രാമസഭകളും യോഗങ്ങളും നടത്തി. ഗുണഭോക്താക്കളുടെ ആവശ്യങ്ങളെയും അഭിരുചികളെയും കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ശേഖരിക്കാൻ വിശദ സർവേ നടത്തി 15000 പേരെ കണ്ടെത്തി. മൂന്നാംഘട്ടത്തിൽ മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററുമായി ബന്ധപ്പെട്ട അമ്മമാരെ ഉൾപ്പെടുത്തി സ്വയംസഹായ സംഘം രൂപീകരിച്ചു.
സ്വയം തൊഴിലുകൾ കണ്ടെത്തുകയും അതിനുവേണ്ട പരിശീലനത്തിനായി വിവിധ ഏജൻസികളുമായി ബന്ധപ്പെടുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 2024–- -25 ലെ അജണ്ടയിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചു.
കാസർകോട് ഗവ. കോളേജിലെ എൻഎസ്‌എസ് യൂണിറ്റുകൾ നാല് ഗുണഭോക്താക്കൾക്ക് ഷോപ്പ് സ്പേസ് (കിയോസ്‌ക്) നിർമിച്ച് കൈമാറി. എൻഡോസൾഫാൻ ദുരിതബാധിതരും അവരുടെ കുടുംബങ്ങളും ചേർന്നാണ് ഈ കടകൾ നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..