22 December Sunday

ചക്കളത്തി പോരാട്ടത്തിൽ ഈസ്‌റ്റ്‌ 
എളേരിയിലെ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024
ചിറ്റാരിക്കാൽ
ഈസ്റ്റ് എളേരി പഞ്ചായത്തിൽ കഴിഞ്ഞ 10 വർഷമായി ആരാണ് കോൺഗ്രസ്;  ആരാണ് വിമതർ എന്നറിയാതെ നട്ടം തിരിയുകയാണ് അണികൾ. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ഒരുകാലത്ത് പഞ്ചായത്ത്‌. സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും അഴിമതിയും വികസന മുരടിപ്പും  ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയതോടെ 2014 ലാണ്‌ ഒരു വിഭാഗം കോൺഗ്രസിൽ കലാപം ഉയർത്തിയത്. 
അവർ 2015 ജയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തിൽ ഡിഡിഎഫ് എന്ന സംഘടന രൂപീകരിച്ച് 16ൽ 10 സീറ്റും നേടി കോൺഗ്രസിൽനിന്ന്‌ ഭരണം പിടിച്ചു. കോൺഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്.  2020 ലെ തെരഞ്ഞെടുപ്പിൽ ഡിഡിഎഫ് 7, യുഡിഎഫ് 7, സിപിഐ എം 2 എന്ന നില വന്നപ്പോൾ കോൺഗ്രസിനെ മാറ്റിനിർത്താൻ സിപിഐ എം, ഡിഡിഎഫിന് പിന്തുണ നല്‍കി. 
ഇതിനിടെ ഈസ്റ്റ് എളേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വന്നു. ബാങ്ക് ഭരണം പിടിക്കാനുള്ള ജയിംസ് പന്തമ്മാക്കലിന്റെ ആഗ്രഹം ഡിഡിഎഫ്, കോൺഗ്രസ് ലയനത്തിലെത്തി. എന്നാൽ ഡിഡിഎഫ് എന്ന  വിമതരുമായി ഏറ്റുമുട്ടി  കഷ്ടത അനുഭവിച്ച  ഔദ്യോഗിക നേതൃത്വം ഇതിന് വഴങ്ങിയില്ല. 
ഡിസിസി പ്രസിഡന്റ് പി കെ ഫൈസലും രാജ്‌മോഹൻ ഉണ്ണിത്താനും മുൻകൈയെടുത്ത് കെ സുധാകരന്റെ പിന്തുണയോടെ ബാങ്ക് ഭരണസമിതിയിൽ ഏതാനും സീറ്റും നല്‍കി ജയിംസ് പന്തമ്മാക്കനെയും കൂട്ടരെയും കോൺഗ്രസിൽ തിരിച്ചെടുത്തു.  ഇതോടെ അതുവരെ ഔദ്യോഗിക ഭാഗത്തുണ്ടായവരും പുതിയതായി വന്നവരും തമ്മിൽ  പ്രശ്നം തുടങ്ങി. ബാങ്ക് പ്രസിഡന്റ് സ്ഥാനം പിടിക്കാൻ ജയിംസ് കരുക്കൾ നീക്കിയതോടെ കൂട്ടത്തല്ലും നടന്നു. ലയന തീരുമാന പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പന്തമ്മാക്കൽ രാജിവച്ചെങ്കിലും അനുയായിയായ വിനീത് ടി ജോസഫിനെ പ്രസിഡന്റാക്കണമെന്ന് ജയിംസ് ആവശ്യപ്പെട്ടു. 
എന്നാൽ അതുവരെ ഔദ്യോഗിക കോൺഗ്രസുകാരായ ഏഴ് അംഗങ്ങൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് ജോസഫ് മുത്തോലിയെ മത്സരിപ്പിച്ചു. വിമതർക്ക് സിപിഐ എം പിന്തുണ നല്‍കി.  14 അംഗങ്ങളുണ്ടായിട്ടും കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി പരാജയപ്പെട്ടു. 
പഴയ വിമതർ അകത്തുവന്നപ്പോൾ അകത്തിരുന്നവർ പുറത്തുപോയി. വീണ്ടും ഇരുവരും ശക്തമായ പോരാട്ടത്തിലായി.  പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സ്ഥിരം കൈയാങ്കളി തുടർന്നു. ഇതിനിടെ വിമതരായ പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ചേർന്ന് കോൺഗ്രസ് അംഗങ്ങളായ നാല് പേർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‌ പരാതി നൽകി. തുടർന്ന്‌  ജയിംസ് പക്ഷക്കാരായ നാല് അംഗങ്ങളെ അയോഗ്യരാക്കി. അവരുടെ അപ്പീലിൽ വാദം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിധികൂടി വന്നാൽ അടുത്ത അടിപ്പൂരം തുടങ്ങും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top