17 September Tuesday

ഈ ആലയിലുണ്ട്‌ നൂറ്റാണ്ട്‌ 
പഴക്കമുള്ള ഫ്രഞ്ച് പീരങ്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

കാരിമൂലയിലെ പി പി രവിയുടെ ആലയിൽ അടകല്ലായി ഉപയോഗിച്ചുവരുന്ന ഫ്രഞ്ച് പീരങ്കി

നീലേശ്വരം

കാരിമൂലയിലെ പി പി രവിയുടെ ആലയിൽ ഉലയിൽ പഴുത്ത ഇരുമ്പ്, ചുറ്റിക കൊണ്ട് അടിച്ചു പണിയായുധങ്ങളാക്കി മാറ്റുന്ന അടകല്ല്  പറയുന്നത് നീലേശ്വരം രാജവംശത്തിന്റെ ഗതകാല ചരിത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള പീരങ്കിയാണ് അടകല്ലായി ഉപയോഗിക്കുന്നത്. 1757 ഡിസംബർ മൂന്നിന് നീലേശ്വരം സന്ദർശിച്ച രാമന്തളിയിലെ ഫ്രഞ്ച് കമാൻഡറുടെ സഹോദരൻ ആൻക്വിറ്റിൽ ഡുപേറൻ  പാലായിക്കടുത്ത് ഫ്രഞ്ചുപീരങ്കി കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1756 ജൂൺ 22 ന്‌ നീലേശ്വരത്തെ മൂന്നാംകൂർ രാജാവിന്റെ അനന്തരവൻ ഫ്രഞ്ചുസേനയെ പാലായിയിൽ  പരാജയപ്പെടുത്തിയതായും അന്നവിടെ ഉപേക്ഷിച്ച ഫ്രഞ്ച് സൈന്യത്തിന്റെ പീരങ്കിയാണതെന്നാണ് മൂന്നാംകൂർ രാജാവിന്റെ അനന്തരവൻ ഡുപേറനെ അറിയിച്ചത്. 
മൂളിക്കുളത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വർഷങ്ങളോളം കിടന്ന പീരങ്കി 80 വർഷം മുമ്പ്, പാരമ്പര്യമായി കൊല്ലപ്പണിയെടുക്കുന്ന പി പി രവിയുടെ അച്ഛൻ പുതിയപുരയിൽ കുഞ്ഞിരാമന്റെ അച്ഛന്  ആലയിൽ ഉപയോഗിക്കാൻ നാടുവാഴി നൽകിയെന്നാണ് കരുതുന്നത്‌. എറെക്കാലം കിനാനൂർ കാരിമൂല പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിനടുത്തുള്ള ആലയിൽ വർഷങ്ങളായി അടകല്ലായി ഉപയോഗിച്ച പീരങ്കി അടുത്ത കാലത്താണ്‌ പുതിയതായി നിർമിച്ച ആലയിലേക്ക് മാറ്റിയത്.  
തെയ്യം കലാകാരൻ എം കേളു പണിക്കർ രചിച്ച ‘കനൽവഴികൾ താണ്ടിയ ജീവിതം' എന്ന പുസ്‌തകത്തിൽനിന്ന്‌ പീരങ്കിയെക്കുറിച്ചറിഞ്ഞ ചരിത്രാധ്യാപകൻ ജയചന്ദ്രൻ ചാമക്കുഴി വിവരമറിയിച്ച്  കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ചരിത്രാധ്യാപകൻ ഡോ. നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top