കുറ്റിക്കോൽ
വെട്ടിമാറ്റുന്ന റബർതോട്ടത്തിൽ, മികച്ച ആദായം പ്രതീക്ഷിച്ച് കൈതച്ചക്ക കൃഷി സജീവമായി. തെങ്ങിൻതോട്ടങ്ങളിൽ ഇടവിളയായും ചിലിടത്ത് കൃഷി നടക്കുന്നുണ്ട്.
പരിപാലനത്തിലും വിളവെടുപ്പിലും ചെലവ് കുറവാണ് എന്നതും ഈ കൃഷിയുടെ പ്രത്യേകത. തുടക്കത്തിൽ കൃഷിയിറക്കുന്നതിന് കൂടുതൽ ചെലവ് വരുമെങ്കിലും പിന്നീട് കർഷകർക്ക് തുടർച്ചയായ വരുമാനം ലഭിക്കും. കൈതച്ചക്ക കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് മലയോരത്ത്.
ഒരേക്കറിൽ പതിനായിരം തൈ
തൈകൾ നട്ടുപിടിപ്പിക്കുന്നതിനാണ് ഏറ്റവും പണിയുള്ളത്. നടുന്ന സ്ഥലം മുഴുവൻ ആദ്യം കിളച്ചിടണം. ചെങ്കുത്തായ ഇടമാണെങ്കിൽ മഴവെള്ളം ഒലിച്ചുപോകുന്നതിന് പ്രത്യേക സംവിധാനമൊരുക്കണം. ള്ളകിയ മണ്ണിൽ കുഴിയെടുത്ത് നിശ്ചിത അകലത്തിലാണ് തൈകൾ നടുക. കോഴിവളമോ മറ്റ് ജൈവവളമോ പിന്നീട് ഇട്ട് കൊടുക്കും.
കളകൾ വളർന്നാൽ പറിച്ചുകളയാൻ പാകത്തിലായിരിക്കണം തൈകൾ തമ്മിലുള്ള അകലം. വേനൽക്കാലത്ത് ആഴ്ചയിൽ ഒരു തവണ വെള്ളം തളിക്കുന്നത് വിളയുടെ ഗുണനിലവാരം വർധിപ്പിക്കാൻ സഹായിക്കും. ഒരേക്കർ സ്ഥലത്ത് 10000 തൈ വരെ നടാം.
പത്ത് മാസത്തിനുള്ളിൽ വിളവ്
നല്ല പരിചരണം നൽകിയാൽ 10 മാസത്തിനകം വിളവെടുക്കാം. ഒന്നിച്ച് പുഷ്പിക്കാനായി ഹോർമോൺ പ്രയോഗം നടത്തുന്നതല്ലാതെ മറ്റ് കീടനാശിനി തളിക്കേണ്ട ആവശ്യമില്ലെന്നാണ് കർഷകർ പറയുന്നത്. കായ്ക്കുന്നത് പല സമയങ്ങളിലായാൽ വിപണനത്തെ ബാധിക്കുന്നതിനാലാണ് ഹോർമോൺ പ്രയോഗം നടത്തുന്നത്.
പാകമായാൽ ആവശ്യക്കാർ കൃഷിയിടത്തിൽവന്ന് വാങ്ങുമെന്നതും കൃഷിയുടെ പ്രത്യേകതയാണ്. ഉത്തരേന്ത്യയാണ് പ്രധാന വിപണി. നന്നായി വിളഞ്ഞ ചക്ക ശരാശരി ഒന്നര കിലോഗ്രാം തൂക്കം വരും. 1.2 കിലോയ്ക്ക് മുകളിൽ ഭാരമുള്ള ചക്കകൾ എ ഗ്രേഡിലും 800 ഗ്രാമിനും 1.2 കിലോയ്ക്കും ഇടയിലുള്ളവ ബി ഗ്രേഡിലും 800 ഗ്രാമിൽ താഴെയുള്ളവ സി ഗ്രേഡിലുംപെടും. ഗ്രേഡ് ഒന്നിന് 50 മുതൽ 65 രൂപ വരെ വിപണി വിലയുണ്ട്.
മുതൽമുടക്ക് ഒരു വർഷത്തിൽ തിരിച്ചുപിടിക്കാം
കൈതച്ചക്ക കൃഷിയിറക്കിയാൽ ഒരേ തൈയിൽനിന്നും മൂന്ന് വർഷംവരെ തുടർച്ചയായി വിളവെടുക്കാം. പിന്നീട് അവ പറിച്ചുനടണം. കൃഷിയിറക്കാൻ സ്ഥലമൊരുക്കുന്നതിനും തൈകൾക്കും ഇവ നട്ടുപിടിപ്പിക്കുന്നതിനും പരിപാലനത്തിനുംകൂടി ഏക്കറിന് നാല് ലക്ഷം രൂപയോളം ചെലവ് വരും. ഇത് ഒരു വർഷംകൊണ്ട് തിരിച്ചുകിട്ടുമെന്നും പിന്നീടുള്ള വരുമാനം മിച്ചം നിൽക്കുമെന്നുമാണ് കർഷകർ പറയുന്നത്.
ചക്കയോടൊപ്പം ഓരോ തൈയിലും രണ്ട് മുതൽ നാലുതൈ വരെ പൊടിച്ചുവന്നിട്ടുണ്ടാകും. ഇവ പൊട്ടിച്ച് മാറ്റി വിൽക്കാം. തൈ ഒന്നിന് 15 രൂപ വരെ കിട്ടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..