കാഞ്ഞങ്ങാട്
സ്വകാര്യ ബസുകൾ അധിക നിരക്ക് ഈടാക്കുന്നെന്ന പരാതിയിൽ സമഗ്രമായ ഫെയർ സ്റ്റേജ് പരിഷ്കരണത്തിന് തീരുമാനം. ആർടിഒയും സ്വകാര്യ ബസുടമകളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടായത്. കാഞ്ഞങ്ങാട് -–- കൊന്നക്കാട്, കാഞ്ഞങ്ങാട് - –- പാണത്തൂർ, കാഞ്ഞങ്ങാട് - –- ഏഴാംമൈൽ–- - കാലിച്ചാനടുക്കം റൂട്ടുകളിൽ അടുത്തയാഴ്ച ദൂരം അളക്കും. പരാതിക്കാരെയും ബസുടമകളുടെ പ്രതിനിധിയെയും ഉൾപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുക. കിഴക്കുംകര സ്‌റ്റോപ്പിൽ ഇല്ലാത്ത ഫെയർസ്റ്റേജ് കാട്ടി മലയോരത്തേക്ക് അധിക നിരക്ക് ഈടാക്കുന്നുവെന്ന പരാതിയിൽ നിയമനടപടി അതുവരെ അവസാനിപ്പിച്ചു.
കാലാകാലങ്ങളായി തങ്ങൾ ഈടാക്കുന്ന കിഴക്കുംകര സ്റ്റേജ് ഒഴിവാക്കുന്നത് സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നും സമഗ്രമായി പരിഷ്കരിച്ചാൽ കൂടുതൽ അകലമുള്ള സ്റ്റേജുകളെന്ന പ്രശ്നം പരിഹരിക്കപ്പെടുമെന്നും ഉടമകൾ യോഗത്തിൽ പറഞ്ഞു. പരിഷ്കരണത്തോടെ കൊന്നക്കാടിനും പരപ്പയ്ക്കും ഇടയിലും കാലിച്ചാനടുക്കത്തിനും ഏഴാംമൈലിനുമിടയിൽ അഞ്ചുരൂപ വീതം കുറയും. രണ്ട് ഫെയർ സ്റ്റേജുകളാണ് ഇരു റൂട്ടിലും കുറയുക. കൊന്നക്കാട് –- കാഞ്ഞങ്ങാട് റൂട്ടിൽ 49 കിലോമീറ്ററിന് 55 കിലോമീറ്ററിന്റെ നിരക്ക് വാങ്ങുന്നതായി വിവരാവകാശ രേഖകൾ ഹാജരാക്കി പരാതിക്കാരൻ സ്ഥാപിച്ചിരുന്നു.
കാസർകോട് ആർടിഒ സജി പ്രസാദിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ബസുടമാ നേതാക്കളായ ഗിരീഷ്, എ വി പ്രദീപൻ, ലക്ഷ്മണൻ, ഹസൈനാർ, കെ വി രവി എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..