23 December Monday
പണ്ടാരത്തിൽ അമ്പുവേട്ടന്‌ അന്ത്യാഞ്ജലി

യാത്രയായത് മടിക്കെെയുടെ സമരപോരാളി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

മടിക്കെെ കക്കാട്ടെ വീട്ടിൽ പൊതുദർശനത്തിനുവച്ച പണ്ടാരത്തിൽ അമ്പുവേട്ടന്റെ മൃതദേഹത്തിൽ സിപിഐ എം 
സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ അന്ത്യോപചാരമർപ്പിക്കുന്നു

മടിക്കൈ
സാമ്രാജ്യത്വത്തിനും ജന്മി മേധാവിത്വത്തിനുമെതിരായ പോരാട്ടത്തിൽ നാടിനെ നയിച്ച ധീരനായ ഒരു കമ്യൂണിസ്‌റ്റ്‌ പോരാളി കൂടി യാത്രയായി. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കക്കാട്ടെ പണ്ടാരത്തിൽ അമ്പു വിടപറയുമ്പോൾ ഒരു കാലഘട്ടത്തിന്റെ സമരതീഷ്ണമായ ഏടിനും അന്ത്യമാവുന്നു. ജില്ലയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്‌റ്റ്‌ പാർടി അംഗമാണ്‌ അമ്പുവേട്ടൻ. 1946 ൽ പാർടി അംഗത്വം നേടിയ അമ്പുവേട്ടൻ നീണ്ട 78 വർഷം പ്രസ്ഥാനത്തിനൊപ്പംനിന്നു. 
മടിക്കൈയിലെ നേതാക്കളായ കെ എം കുഞ്ഞിക്കണ്ണൻ, വടക്കുംതോട്ടത്തിൽ അമ്പാടി, കെ ആർ കണ്ണൻ തുടങ്ങിയവരോടൊപ്പം ചെറുപ്രായത്തിൽ പാർടി പ്രവർത്തനം തുടങ്ങി.  എൻ ജി കമ്മത്ത്  കക്കാട്ട് പണ്ടാരത്ത് തറവാട്ടിൽ ഒളിവിൽ കഴിഞ്ഞതും എ കെ ജി മടിക്കൈയിൽ എത്തിയതും അമ്പുവേട്ടന്റെ ഓർമകളിൽ മായാതെയുണ്ടായിരുന്നു. എൻ ജി കമ്മത്തിന്റെ പ്രേരണയിലാണ് പാർടി അംഗമായത്.
1950–-ൽ കമ്യൂണിസ്റ്റ് പാർടിയുടെ മടിക്കൈ പഞ്ചായത്ത് കമ്മറ്റി അംഗമായി. സിപിഐ എം അഭിവക്ത മടിക്കെെ ലോക്കൽ സെക്രട്ടറിയായിരുന്നു. കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കമ്യൂണിസ്‌റ്റ്‌ പാർടിയുടെ   വളണ്ടിയർ ക്യാപ്റ്റനായി വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് പരിശീലനം നൽകി. 
1974 ലെ പള്ളിക്കര സംഭവത്തിൽ പൊലീസിന്റെ ഭീകര മർദനത്തിന്‌  ഇരയായി. അന്നത്തെ പൊലീസ്‌ ഉദ്യോഗസ്ഥായ ഹക്കിം ബത്തേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് ഉടുതുണിയില്ലാതെ പള്ളിക്കര ഗെയ്റ്റ് മുതൽ ടൗൺ വരെ അമ്പുവേട്ടനെ നടത്തിച്ചു. ജയിൽവാസവും അനുഭവിച്ചു. ജീവിതാവസാനം വരെ ചെരുപ്പിടാതെയാണ്‌ അമ്പുവേട്ടൻ മടിക്കൈയുടെ ഓരോ  മൂലയിലും സഞ്ചരിച്ച് പാർടി വളർത്തിയത്‌. 
വീട്ടിലും എരിക്കുളത്തെ വായനശാലയിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നൂറുക്കണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, മുതിർന്ന നേതാവ്‌ പി കരുണാകരൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി  കെ രാജൻ, സി പ്രഭാകരൻ, ജില്ല കമ്മിറ്റിയംഗം പി ബേബി, ഏരിയ സെക്രട്ടറി എം രാജൻ,  മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ വി ശ്രീലത തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന്‌ എരിക്കുളം പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top