കാസർകോട്
ബൈക്കിൽ ബസ്സിടിച്ച് രണ്ടുകുട്ടികൾ മരിച്ച അപകടക്കേസിൽ സാക്ഷി പറയാൻ യുപി സ്വദേശി ജമാൽ അഹമ്മദ് (31) കാസർകോട് സിജെഎം കോടതിയിൽ എത്തിയത് 2,400 കിലോമീറ്റർ താണ്ടി. 2018ൽ കാസർകോട് അടുക്കത്തുബയലിൽ ടൂറിസ്‌റ്റ് ബസ് ബൈക്കിലിടച്ച് രണ്ട് കുട്ടികൾ മരിച്ച കേസിൽ സാക്ഷി പറയാനാണ് യുപി സിദ്ധാർഥ് നഗർ ജില്ലയിലെ വർഗ്വാഡ ഗ്രാമത്തിൽ നിന്നും ജമാൽ അഹമ്മദ് എത്തിയത്. കേസിൽ അഞ്ചാം സാക്ഷിയായ ജമാൽ, തിങ്കളാഴ്‌ച കോടതിയിലെത്തി മൊഴി നൽകി.
ആറുവർഷം മുമ്പ് അടുക്കത്ത് ബയലിലെ ഫർണിച്ചർ കടയിൽ ജോലിക്കാരനായിരുന്നു ജമാൽ. 2018 ജൂലൈ 22ന് രാത്രി 8.30നാണ് അപകടമുണ്ടായത്. അന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ജമാൽ, കേസിൽ അഞ്ചാംസാക്ഷിയുമായി. സംഭവത്തിൽ ടൂറിസ്‌റ്റ് ബസിടിച്ച് മറിഞ്ഞ ബൈക്കിലുണ്ടായിരുന്ന മുഹമ്മദ് മിനാജ് (നാലര), ഇബ്രാഹിം ഷസീം (ഏഴ്)എന്നീ കുട്ടികൾ മരിച്ചു.
അപകടം നടന്ന് ആറുവർഷം കഴിഞ്ഞതിനിടയിൽ ജമാൽ, അടുക്കത്ത് ബയലിലെ ജോലി ഉപേക്ഷിച്ച് യുപിയിലേക്ക് മടങ്ങി. കേസ് കോടതിയിൽ എത്തുമ്പോഴേല്ലാം സാക്ഷിക്കാരനില്ലാത്തതിനാൽ പ്രതിസന്ധിയായി. ഇതേ തുടർന്ന് സിജെഎം കോടതി, ജമാലിനെ ഹാജരാക്കാൻ ഉത്തരവിട്ടു. കാസർകോട് ട്രാഫിക് സ്‌റ്റേഷനിലെ രണ്ടുപൊലീസുകാർ ജമാലിനെ തേടി കഴിഞ്ഞ 15ന് യുപിയിലേക്ക് പോയി. അവിടെ ജമാലിന്റെ വീട്ടിലെത്തി വാറണ്ട് ഉണ്ടെന്ന് അറിയിച്ചതോടെയാണ് വരാമെന്ന് ജമാൽ അറിയിച്ചത്. മൊബൈൽ നമ്പർ ശേഖരിച്ച് മടങ്ങിയ പൊലീസ് സംഘം ജമാലിനെ നിരന്തരം ബന്ധപ്പെട്ടാണ്, തിങ്കളാഴ്‌ച കോടതിയിലെത്തിച്ചത്.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം യുപിയിലെത്തിയ കാസർകോട് ട്രാഫിക് പൊലീസ് സംഘം ഡൽഹിയിലിറങ്ങി ഖൊരക്‌പൂർ ട്രെയിനിൽ സിദ്ധാർഥ് നഗറിലെത്തി. അവിടെ നിന്നും ബസിൽ നേപ്പാൾ അതിർത്തിയായ ഇട്ടാവ പൊലീസ് സ്‌റ്റേഷനിലെത്തി. അവിടത്തെ പൊലീസുകാർക്കൊപ്പം ബൈക്കിൽ പോയാണ് വർഗ്വാഡയിലുള്ള ജമാലിന്റെ വീട് കണ്ടുപിടിച്ചത്. നേപ്പാളിലേക്ക് ഇവിടെ നിന്നും 25 കിലോമീറ്റർ ദൂരമേയുള്ളൂ. സ്ഥലത്തില്ലാതിരുന്ന ജമാലിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച്, കാസർകോട്ടേക്ക് വരാം എന്ന ഉറപ്പുവാങ്ങി, പൊലീസുകാർ മടങ്ങി. ഉറപ്പ് പാലിച്ച് ജമാൽ കാസർകോട്ടേക്ക് വന്നതോടെ തേടിപ്പോയ പൊലീസുകാർക്കും സന്തോഷം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..