കാസർകോട്
റിസർവേഷൻ കോച്ചിൽനിന്ന് സീസൺ യാത്രക്കാരെ നിർബന്ധമായി ഇറക്കിവിട്ടതോടെ ജനറൽ കോച്ചിൽ വാഗൺ ട്രാജഡിയെ അനുസ്‌മരിപ്പിക്കുന്ന തിരക്ക്. തിങ്കളാഴ്‌ച വൈകിട്ട് ട്രെയിൻ കാഞ്ഞങ്ങാട് സ്‌റ്റേഷൻ വിട്ടിട്ടും ഇറങ്ങാൻ കഴിയാത്ത യാത്രക്കാർ കൂട്ടക്കരച്ചിലായി. ഇതോടെ അപായച്ചങ്ങല വലിച്ച് നിർത്തിയാണ് യാത്രക്കാർ ഇറങ്ങിയത്.
തിങ്കൾ വൈകിട്ട് കാഞ്ഞങ്ങാടെത്തിയ മംഗളൂരു –- ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റിലെ ജനറൽ കോച്ചിലാണ് ‘വാഗൺ ട്രാജഡി’ അരങ്ങേറിയത്. ജീവനക്കാരായ സീസൺ യാത്രക്കാരായിരുന്നു ഇതിൽനിറയെ. വൈകിട്ട് 5.35ന് ട്രെയിൻ കാസർകോട് എത്തുമ്പോൾ തന്നെ, സീസൺ ടിക്കറ്റ് യാത്രക്കാർ റിസർവേഷൻ കോച്ചിൽ കയറാൻ പാടില്ലെന്ന അറിയിപ്പുണ്ടായി. ഇതോടെ സ്റ്റേഷനിലുണ്ടായ അഞ്ഞൂറോളം യാത്രക്കാർ പരക്കം പാഞ്ഞ് ജനറൽ കോച്ചിൽ കയറി. മുമ്പിലും പിറകിലുമായി രണ്ടുവീതം ജനറൽ കോച്ച് മാത്രമാണ് ട്രെയിനുള്ളത്. ഉന്തിയും തള്ളിയും പലരും കയറിപ്പറ്റി. വലഞ്ഞത് സ്ത്രീ യാത്രക്കാരും കുട്ടികളുമാണ്. ഇതോടെ, ട്രെയിൻ കാസർകോട് വിട്ടത് 10 മിനിറ്റ് വൈകി. കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് പലരും പെട്ടത്. അവിടെ ഇറങ്ങാനിരുന്ന പലർക്കും തിരക്കിനിടയിൽ പുറത്തെത്താനായില്ല. ഇതോടെ കൂട്ടനിലവിളി ഉയർന്നു.
മംഗളൂരുവിൽ ചികിത്സക്ക് പോയ രോഗികളും തിരക്കിൽ അവശരായി. ഇതോടെ അപായച്ചങ്ങല വലിച്ചപ്പോൾ ട്രെയിൻ നിന്നു. പിന്നീട് 10 മിനുട്ട് കഴിഞ്ഞപ്പോഴാണ് ഇവിടെ നിന്ന് ട്രെയിൻ പുറപ്പെട്ടത്. നീലേശ്വരത്തും പയ്യന്നൂരും സമാനമായ അവസ്ഥയായിരുന്നു ജനറൽ കോച്ചിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..