തൃക്കരിപ്പൂർ
എടച്ചാക്കൈ- നടക്കാവ് റെയിൽവേ മേൽപ്പാലം നിർമാണത്തിന്റെ പൊതുരൂപരേഖ റെയിൽവേ അംഗീകരിച്ചതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. 13 മാസത്തിലധികമായി റെയിൽവേയിൽ സാങ്കേതിക കുരുക്കിൽപെട്ടുകിടന്ന പ്രശ്നത്തിനാണ് എംഎൽഎയുടെ ഇടപെടലിൽ പരിഹാരമായത്. റെയിൽവേ ചീഫ് എൻജിനീയറുമായി എംഎൽഎ നേരിട്ടും സംസ്ഥാന സർക്കാർ മുഖേനയും നിരവധി തവണ ഇടപെട്ടു. തൃക്കരിപ്പൂർ മണ്ഡലത്തിലെ ബീരിച്ചേരി, തൃക്കരിപ്പൂർ മേൽപ്പാലങ്ങൾക്കും ഉടൻ അനുമതി ലഭിക്കുമെന്നും എംഎൽഎ അറിയിച്ചു. മൂന്ന് പദ്ധതികൾക്കുമായി 113.56 കോടി രൂപയുടെ അംഗീകാരം കിഫ്‌ബി നേരത്തെ നൽകിയിരുന്നു. നിർമാണ ചെലവ് പൂർണമായും കിഫ്‌ബിയാണ് നടത്തുന്നത്.
പദ്ധതിയുടെ രൂപരേഖ ഒരുവർഷം മുമ്പ് റെയിൽവേയ്‌ക്ക് സമർപ്പിച്ചെങ്കിലും കെ റെയിലിന്റെ രൂപരേഖ കൂടി പരിശോധിക്കണമെന്ന് റെയിൽവേ അറിയിച്ചു. കെ റെയിൽ രൂപരേഖക്ക് റെയിൽവേ അംഗീകാരം നൽകാത്തത് മേൽപ്പാലങ്ങൾക്കും അംഗീകാരം കിട്ടാൻ തടസ്സമായി.
പിന്നീട് കെ റെയിൽ ലൈൻ പരിഗണിക്കാതെ നിർമാണവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതിനെ തുടർന്നാണ് റോഡ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ പരിഷ്‌കരിച്ച രൂപരേഖ റെയിൽവേക്ക് നൽകിയത്. ഇതിനുശേഷവും റെയിൽവേ അംഗീകാരം നൽകിയില്ല. ഷൊർണൂർ –- മംഗളൂരു റൂട്ടിലെ പാത ഇരട്ടിപ്പിക്കുന്നതിനാൽ അന്തിമ തീരുമാനം പിന്നീടേ നടക്കൂവെന്നാണ് റെയിൽവേ പിന്നെയും വാദിച്ചത്. ഇതേ തടുർന്നാണ് സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തി ഇപ്പോൾ അംഗീകാരം നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..