30 December Monday

കണ്ണീർച്ചാലായി എരിഞ്ഞിപ്പുഴ

രജിത്‌ കാടകംUpdated: Sunday Dec 29, 2024

കുട്ടികളെ കാണാതായ എരിഞ്ഞിപ്പുഴയിൽ സ്‌കൂബാ ടീം, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു ഫോട്ടോ: സുരേന്ദ്രൻ മടിക്കെെ

എരിഞ്ഞിപ്പുഴ 
ഇനിയും പെയ്തൊഴിയാതെ എരിഞ്ഞിപ്പുഴ ഗ്രാമത്തിന്റെ കണ്ണീർ. കഴിഞ്ഞദിവസംവരെ കളിച്ചും ചിരിച്ചും തങ്ങളോടൊപ്പമുണ്ടായിരുന്ന  മൂന്നുകുട്ടികളെയാണ്‌ പയസ്വനിയുടെ കൈവഴിയായ എരിഞ്ഞിപ്പുഴയുടെ ആഴങ്ങൾ കവർന്നത്‌.   ക്രിസ്മസ് അവധിക്കാലത്ത്‌ എല്ലാവരെയും കാണാനും സന്തോഷം പങ്കിടാനും എരിഞ്ഞിപ്പുഴയിലെ അഷറഫിന്റെ  വീട്ടിൽ ഒത്തുകൂടിയ സഹോദരങ്ങളുടെ മക്കളാണ്‌ കുത്തൊഴുക്കിൽ മുങ്ങിമരിച്ചത്‌. എരിഞ്ഞിപ്പുഴ ടൗണിൽ കച്ചവടം നടത്തുന്ന ഇ അഷറഫ്, തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരൻ ഇ  മജീദ് എന്നിവരെയും മക്ക ളെയും കാണാൻ സഹോദരി റംല വെള്ളിയാഴ്ചതന്നെയെത്തി. സഹോദരങ്ങളുടെ മക്കൾ ഒന്നിച്ച് ചേർന്നാലുള്ള സന്തോഷവും കളിയും ശനി പകൽ ഒന്നരവരെ മാത്രമേ നീണ്ടുള്ളൂ.വീടിനോട് ചേർന്ന പുഴയിൽ കുളിക്കാൻ പോയതോടെ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നു.  മഞ്ചേശ്വരം ഉദ്യാവാറയിലെ പ്ലസ്ടു വിദ്യാർഥി റിയാസ്, കാനത്തൂർ എയുപി സ്‌കൂളിലെ ഏഴാംതരം വിദ്യാർഥി യാസീൻ, ഉപ്പള മുസോടി സ്കൂളിലെ ഏഴാംക്ലാസുകാരൻ സമദ് എന്നിവർ പുഴയിൽ കുളിക്കാൻ പോയപ്പോഴാണ്‌ അപകടം. കുട്ടികളെമാത്രം അയക്കേണ്ടെന്ന് കരുതി റിയാസിന്റെ ഉമ്മ റംലയും കൂടെ ചെന്നു. അൽപം കഴിഞ്ഞപ്പോൾ റിയാസ് വെള്ളത്തിൽ മുങ്ങി ഒഴുക്കിലേക്ക് പോയി. നീന്തൽ അറിയാവുന്ന റംല ഒന്നും നോക്കാതെ വെള്ളത്തിലേക്ക് ചാടി. അൽപം നീന്തൽ വശമുള്ള രണ്ട് കുട്ടികളും സഹായത്തിനായി കൂടെച്ചാടി.   ഒഴുക്കിനോട് മല്ലിട്ട്‌ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഉമ്മ കഴിയുന്നത്ര നോക്കി. ബഹളം കേട്ടെത്തിയ  നാട്ടുകാർക്ക് റംലയെ രക്ഷപ്പെടുത്താനായി. കുട്ടികൾ ഒഴുക്കിലേക്കുപോയി. ആഴമുള്ളതും  നല്ല ഒഴുമുക്കുമുള്ള മേഖലയാണിത്.  അഗ്നിരക്ഷാ സേന യൂണിറ്റും പൊലീസുമെത്തി നാട്ടുകാർക്കൊപ്പം തെരച്ചിൽ  നടത്തിയാണ്‌ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്‌.  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ എന്നിവർ ഉടൻ സ്ഥലത്തെത്തി  വിവരങ്ങൾ അഗ്നിരക്ഷാസേനാംഗങ്ങളിൽനിന്ന് ചോദിച്ചറിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി വി മിനി, എം ധന്യ എന്നിവരും സ്ഥലത്തെത്തി.സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ബാലൻ, സിപിഐ എം എരിയാ സെക്രട്ടറിമാരായ എം മാധവൻ, സി രാമചന്ദ്രൻ എന്നിവരും സ്ഥലത്തെത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top