03 December Tuesday
ശിക്ഷാവിധി സംഘപരിവാറിന്‌ തിരിച്ചടി

നടുക്കിയ ദിനങ്ങൾ ഇല്ലാതാകട്ടെ!

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

സി എ മുഹമ്മദ്‌ ഹാജി വധക്കേസിൽ പ്രതികളായ സന്തോഷ്‌ നായ്‌ക്‌, കെ ശിവപ്രസാദ്‌, കെ അജിത്‌കുമാർ, കെ ജി കിഷോർകുമാർ എന്നിവരെ വിധിക്കുശേഷം 
ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതിയിൽനിന്ന്‌ പുറത്തേക്ക്‌ കൊണ്ടുവരുന്നു

കാസർകോട്‌
2008 മുതൽ കാസർകോട്‌ നഗരത്തെ കലാപക്കളമാക്കിയ  കൊലപാതകങ്ങളിൽ ഒരു കേസിന്‌ നീതി.  11 പേരാണ്‌ വർഗീയമായ കാരണത്താൽ മാത്രം അക്കാലത്ത്‌ കാസർകോട്ട്‌ കൊല്ലപ്പെട്ടത്‌. ആർഎസ്‌എസും എൻഡിഎഫും ചേരിതിരിഞ്ഞ്‌ നടത്തിയ കൊലപാതക പരമ്പരയിൽ പൊലീസ്‌ ശക്തമായ കുറ്റപത്രം സമർപ്പിച്ചിട്ടും 11ൽ എട്ടുകേസും കോടതിയിൽ തള്ളിപ്പോയി. 
ഇപ്പോൾ അടുക്കത്തുബയൽ ബിലാൽ മസ്ജിദിനുസമീപത്തെ സി എ മുഹമ്മദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാല്‌ പേർക്ക്‌ ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ ബന്ധുക്കൾക്കും നാടിനും നീതികിട്ടി. ശിക്ഷിക്കപ്പെട്ടവരെല്ലാം സംഘപരിവാർ പ്രവർത്തകരാണ്‌. കേസ്‌ നടത്തി പ്രതികളെ രക്ഷിക്കാനുള്ള സംഘപരിവാർ ശ്രമത്തിനും ശിക്ഷാവിധി തിരിച്ചടിയായി. 
11 കേസിൽ ഒമ്പതെണ്ണത്തിലും നിയമ പഴുതിലൂടെ പ്രതികൾ രക്ഷപ്പെട്ടു. ഒരു കേസ്‌ തലശേരി കോടതിയിൽ വിചാരണയിലുമാണ്‌. 2008 നുശേഷം കാസർകോട്‌ നഗരത്തിലും ചുറ്റുവട്ടത്തുമായി സന്ദീപ്, മുഹമ്മദ് സിനാൻ, അഡ്വ. സുഹാസ്, മുഹമ്മദ് ഹാജി, റിഷാദ്, റഫീഖ്,  ഉപേന്ദ്രൻ, അസ്ഹർ, സാബിത്, സൈനുൽ ആബിദ്, മുഹമ്മദ് റിയാസ് മൗലവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ പ്രതികൾക്ക്‌ ശിക്ഷ ലഭിച്ച ആദ്യകേസാണ്‌ മുഹമ്മദ്‌ ഹാജി വധം. അഡ്വ. സുഹാസിന്റെ കൊലക്കേസ്‌ തലശേരി സെഷൻസ്‌ കോടതിയുടെ പരിഗണനയിലാണ്‌. 
 2008 ഏപ്രിൽ 18ന് ഉച്ചയ്ക്ക് വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് അടുക്കത്ത്ബയൽ ബിലാൽ ജുമാ മസ്ജിദിലേക്ക് മുഹമ്ദ്‌ ഹാജി നടന്നുപോകുമ്പോൾ പിന്തുടർന്നെത്തിയ പ്രതികൾ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
2008 ഏപ്രിൽ 14ന് വിഷുദിന രാത്രി കാസർകോട് പുതിയ ബസ്‌സ്‌റ്റാൻഡിന്‌ സമീപത്ത് ബീച്ച് റോഡിലെ സന്ദീപ് എന്ന യുവാവ് കുത്തേറ്റ് മരിച്ചതിനെ തുടർന്നാണ്‌ തുടർക്കൊലകൾ നടന്നത്‌. അഡ്വ. സുഹാസ് ഫോർട്ട് റോഡിൽവച്ചും മുഹമ്മദ് ഹാജി അടുക്കത്ത്ബയലിലും അടുത്തടുത്ത്‌ കൊല്ലപ്പെട്ടു.  
സംഭവം നടന്ന് 16 വർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്. അന്ന്‌ വെള്ളരിക്കുണ്ട് സിഐയായിരുന്ന ഇപ്പോഴത്തെ കാസർകോട് അഡീഷണൽ എസ്‌പി പി ബാലകൃഷ്ണൻ നായരാണ് കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനായി സ്പെഷ്യൽ പ്രോസിക്യൂട്ടർ സി കെ ശ്രീധരൻ, പ്രദീപ് കുമാർ എന്നിവർ ഹാജരായി. 
പ്രതികൾക്കായി ഹാജരായത്‌ 
ബിജെപി നേതാവ്‌ 
പ്രതികൾക്കായി അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റും ഇപ്പോഴത്തെ  ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ളയാണ്‌ ഹാജരായത്‌. പിന്നീട് ഇദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകരും ഹാജരായി. 
കോടതി വിധി പറയുന്നത്‌ പരിഗണിച്ച്‌ കോടതി പരിസരത്തും ടൗണിലാകെയും ശക്തമായ പൊലീസ്‌ ബന്തവസ്‌ ഏർപ്പെടുത്തി. കഴിഞ്ഞ 24നാണ്‌ കോടതി ഇവരെ കുറ്റക്കാരെന്ന്‌ വിധിച്ചത്‌. അപ്പോൾതന്നെ കോടതിയിലെത്തിയ സംഘപരിവാറുകാർ ബഹളംവച്ചത്‌ പൊലീസാണ്‌ നിയന്ത്രിച്ചത്‌. വ്യാഴം രാവിലെ വിധിയുണ്ടാകുമെന്ന്‌ വിചാരിച്ച്‌ വലിയ തിരക്ക്‌ കോടതി പരിസരത്തുണ്ടായി. ഉച്ചക്കുശേഷമാണ്‌ വിധി പറഞ്ഞത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top