വെള്ളരിക്കുണ്ട്
കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ തീവ്രമായ ജീവിതാനുഭവങ്ങളിൽനിന്ന് പിറവിയെടുത്ത കവിതകളുടെ വഴികൾ പങ്കുവച്ച് ഗോത്ര കവികൾ. മലയോര സാംസ്കാരിക വേദി വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ച ഗോത്ര കവി സംഗമം പുതിയ പാഠങ്ങൾ പകർന്നു. ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ ‘കാട് ആരത് ' എന്ന സ്വന്തം കവിതയിലൂടെയാണ് പ്രകാശൻ ചെന്തളം വിഷയത്തിലേക്ക് കടന്നത്. ഗോത്രഭാഷ സംരക്ഷണത്തിന്റെ അനുഭവ പാഠം സുരേഷ് എം മഞ്ഞളംബര പങ്കുവച്ചു. കണ്ണൂർ, കോഴിക്കോട്, മഹാത്മാ ഗാന്ധി സർവകലാശാലകളിൽ ബിരുദ ബിരുദാനന്തര പാഠപുസ്തകങ്ങളിൽ സ്വന്തം കവിതകളിലൂടെ ഇടം നേടിയ ധന്യ വേങ്ങച്ചേരിയും സ്വത്വബോധത്തിന്റെ പാഠങ്ങൾ ഓർത്തെടുത്തു. ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും സ്വന്തം ഗോത്രകവിതകൾ മൊഴിമാറ്റം നടത്തിയത് വലിയ അംഗീകാരമായി കണ്ട് ലിജിന കടുമേനി. ഒഴുക്കിനെതിരെ നീന്തിയാണ് നിലനിന്നതെന്ന് ബാലകൃഷ്ണൻ കിഴക്കേടത്ത് . 'കൈപ്പിന്റെ കഞ്ഞി' എന്ന കവിതയുമായാണ് സുധി ചെന്നടുക്കം എത്തിയത്. രമ്യ ബാലകൃഷ്ണനും എഴുത്തിന്റെ ലോകത്തെത്തിയത് വിവരിച്ചു. ആൾക്കൂട്ട അക്രമത്തിൽ പൊലിഞ്ഞ അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം കവിതയ്ക്ക് കണ്ണീരിന്റെ ചൂടു പകർന്നതായി രാജി രാഘവൻ. ആദ്യ കവിത മൂന്ന് പതിറ്റാണ്ട് കാലത്തെ എഴുത്തനുഭവങ്ങളുമായി പപ്പൻ കുളിയൻമരം.
അധ്യാപിക അംബിക പൊന്നത്തും കേന്ദ്ര സർവകലാശാല ഗവേഷക വിദ്യാർഥി ഗ്രീഷ്മ കണ്ണോത്തും എഴുത്തനുഭവം പങ്കുവച്ചു. എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജ് മലയാളവിഭാഗത്തിലെ ഡോ. പി സി അഷറഫ് കവികളെ ആദരിച്ചു. കെ വി കൃഷ്ണൻ അധ്യക്ഷനായി. കെ വി രവി, പി പി ജയൻ, പി സി രഘുനാഥൻ, കെ ഹരികൃഷ്ണൻ, സണ്ണി പൈകട, സെബാസ്റ്റ്യൻ നരിക്കുഴി, ബേബി ചെമ്പരത്തി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..