രാജപുരം
ശക്തമായ മഴയെ തുടർന്ന് പനത്തടി, കള്ളാർ പഞ്ചായത്തുകളിലെ 30 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പനത്തടി പഞ്ചായത്തിലെ കമ്മാടി പത്തുകുടിയിൽ 10 കുടുംബത്തെ മാറ്റി പാർപ്പിച്ചു. മണ്ണ് ഇടിച്ചലും ഉരുൾപ്പെട്ടലിനും സാധ്യത കണക്കിലെടുത്താണ് മാറ്റിപാർപ്പിച്ചത്. കല്ലപ്പള്ളി സ്‌കൂളിലേക്കാണ് ഇവരെ മാറ്റിയത്. കഴിഞ്ഞ വർഷം ഇവിടെ നിന്നും കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. പ്രദേശത്തെ നാരായണന്റെ വീടിന് പിറകുവശത്ത് വലിയ മണ്ണിടിച്ചിലുണ്ടായി. മാറ്റി പാർപ്പിച്ചവർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും പഞ്ചായത്ത് ഭരണസമിതി ഏർപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുംൺരംഗത്ത്മല, വാർഡ് അംഗം കെ രാധകൃഷ്ണൻ, വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
കള്ളാർ പഞ്ചായത്തിലെ ഓട്ടക്കണ്ടം, കുട്ടിക്കാനം പ്രദേശത്തെ 81 പേരെ ഉരുൾപ്പെട്ടൽ ഭീഷണിയെ തുടർന്ന് മാറ്റി പാർപ്പിച്ചു. ചുള്ളിക്കര ഗവ. എൽപി സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്. കഴിഞ്ഞ തവണ പ്രദേശത്ത് ഉരുൾപ്പെട്ടിയതിനെ തുടർന്ന് ആഴ്ചകളോളം കുടുംബങ്ങൾ ദുരിതശ്വാസ ക്യാമ്പിൽ കഴിയേണ്ടി വന്നിട്ടുണ്ട്. കമ്മാടിപുഴയിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ 31നും റെഡ് അലർട്ട് തുടരുകയാണെങ്കിൽ സമീപവാസികളായ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു.
എണ്ണപ്പാറയിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ചുളളിക്കര സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സിപിഐ എം നേതാക്കളും സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..