25 December Wednesday

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കാസർകോട്‌

ജില്ലാ സ്കൂൾ ശാസ്‌ത്രോത്സവം വെള്ളി, ശനി ദിവസങ്ങളിൽ ചെമ്മനാട്‌ ജമാഅത്ത്‌ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. മേളയുടെ ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളി രാവിലെ 10.30ന്‌ രാജ്‌ മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്യും. 
സിപിസിആർഐ ഡയറക്ടർ ഡോ. കെ ബാലചന്ദ്ര ഹെബ്ബാർ ശാസ്‌ത്ര സന്ദേശം നൽകും. ആദ്യ ദിനം ശാസ്‌ത്രമേള, പ്രവർത്തി പരിചയമേള, ഐടി മേള, എന്നിവ നടക്കും. കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ വിഎച്ച്‌എസ്‌സി വിദ്യാർഥികളുടെ നേതൃത്വത്തിൽ വൊക്കേഷണൽ എക്‌സ്‌പോ, ചെറുധാന്യങ്ങൾ: ആരോഗ്യത്തിനും സുസ്ഥിര ഭാവിക്കും എന്ന വിഷയത്തിൽ സെമിനാർ എന്നിവയും നടക്കും. രണ്ടാം ദിനം സാമൂഹ്യശാസ്‌ത്ര മേളയും ഗണിത ശാസ്‌ത്രമേളയും. ശാസ്‌ത്ര നാടകം, പ്രശ്‌നോത്തരി  മത്സരങ്ങൾ പൂർത്തിയായിട്ടുണ്ട്‌. മേളയിൽ 122 മത്സരയിനങ്ങളിൽ ഏഴ്‌ ഉപജില്ലകളിൽനിന്നായി 2,060 വിദ്യാർഥികൾ മത്സരിക്കും. 
ടീച്ചിങ്‌ എയ്‌ഡ്‌ മത്സരത്തിൽ 42 അധ്യാപകരും മത്സരിക്കും. മത്സരാർഥികളെ ടൗണിൽനിന്നും മത്സരവേദിയിലെത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. വിദ്യാർഥികൾ നിർമിച്ച വസ്‌തുക്കൾ, വൊക്കേഷണൽ എക്‌സ്‌പോ എന്നിവ പൊതുജനങ്ങൾക്കും കാണാം. സമാപന സമ്മേളനം ശനി വൈകീട്ട്‌ നാലിന്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. 
ബുധനാഴ്‌ച പുലിക്കുന്ന്‌ മുതൽ ചെമ്മാനാട്‌ ജമാഅത്ത്‌ സ്കൂൾ വരെ വിളംബര ഘോഷയാത്ര നടന്നു. വ്യാഴം പകൽ മൂന്നിന്‌ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ്‌മോബ്‌ നടക്കും. വാർത്താ സമ്മേളനത്തിൽ ഡിഡിഇ ടി വി മധുസൂദനൻ, സ്കൂൾ മാനേജർ സി ടി അഹമ്മദലി, പിടിഎ പ്രസിഡന്റ്‌ പി എം അബ്‌ദുല്ല, പ്രിൻസിപ്പൽ ഡോ. സുകുമാരൻ നായർ, പ്രധാനാധ്യാപകൻ കെ വിജയൻ,  ഇബ്രാഹിം കരീം,  എൻ എ ബദറുൽ മുനീർ, വി പി യൂസഫ്‌ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top