കൊച്ചി
ഏറെനാളത്തെ ക്ഷാമം മാറി മത്തി കേരളീയരുടെ തീൻമേശകളിലേക്ക് ആവശ്യംപോലെ തിരിച്ചെത്തുമെന്ന് സൂചന. കാലാവസ്ഥ അനുകൂലമായതോടെ തെക്കൻ കേരളത്തിന്റെ വിവിധ തീരങ്ങളിൽ ചെറുമത്തികൾ കണ്ടുതുടങ്ങി. എന്നാൽ, പിടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സിഎംഎഫ്ആർഐ പറയുന്നു. ഇപ്പോൾ കാണപ്പെടുന്നവയിലേറെയും പ്രത്യുൽപ്പാദന ഘട്ടത്തിലെത്താത്തവയാണ്. 14–16 സെന്റീ മീറ്റർ വലിപ്പമുള്ള ഇവ പൂർണ പ്രത്യുൽപ്പാദനശേഷി ആർജിക്കാൻ മൂന്നുമാസംകൂടി വേണം. മുട്ടയിടാൻ പാകമായ വലിയ മത്തികൾ നിലവിൽ കേരളതീരങ്ങളിൽ തീരെ കുറവാണെന്നും സിഎംഎഫ്ആർഐയുടെ പഠനം വ്യക്തമാക്കുന്നു.
നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം 10 സെന്റീമീറ്ററാണ്. എന്നാൽ, അസാധാരണ സാഹചര്യം പരിഗണിച്ച് ഇപ്പോൾ ലഭ്യമായ മത്തിയെ പിടിക്കാതിരിക്കുന്നതാണ് നല്ലതെന്നും പഠനം സൂചിപ്പിക്കുന്നു.
കഴിഞ്ഞ അഞ്ചുവർഷമായി കേരള തീരങ്ങളിൽ മത്തിയുടെ ലഭ്യത കുറവാണ്. 2017ൽ ലഭ്യത ചെറിയതോതിൽ ഉയർന്നെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ ഗണ്യമായ കുറഞ്ഞു. 2019ൽ കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. വെറും 44,320 ടൺ മത്തിമാത്രമാണ് കഴിഞ്ഞവർഷം സംസ്ഥാനത്ത് ലഭിച്ചത്.
എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്ഥാ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് സിഎംഎഫ്ആർഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോഴുള്ള ചെറുമത്തികളെ പിടിക്കുന്നത് നിയന്ത്രിച്ചാൽ മത്തിയുടെ തിരിച്ചുവരവ് വേഗത്തിലാക്കാമെന്ന് വിദഗ്ധർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..