22 December Sunday

മഞ്ജു ടീച്ചർ,
കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം ; കരൾപിളർക്കുന്ന വേദനകളത്രയും ഉള്ളിലൊതുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

കൽപ്പറ്റ
ഉള്ളിലൊരു സങ്കടക്കടൽ ഇരമ്പിയാർക്കുന്നത്‌ മഞ്ജു ടീച്ചറുടെ കണ്ണിൽ കാണാം. കരൾപിളർക്കുന്ന വേദനകളത്രയും ഉള്ളിലൊതുക്കി ഓടിപ്പാഞ്ഞ്‌ നടക്കുന്ന വി എം മഞ്ജുവെന്ന കോട്ടയം തലയോലപ്പറമ്പുകാരി കേരളത്തിന്റെ അതിജീവനപ്പോരാട്ടത്തിന്റെ മുഖങ്ങളിലൊന്നാണ്‌. കരഞ്ഞിരിക്കാൻ ഒരുപാട്‌ കാരണങ്ങൾ ഉള്ളപ്പോഴും മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിന്റെ ഏകോപനച്ചുമതലയിലാണവർ. 

മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ പാതിരാവിൽ ചെളിയിൽ മുങ്ങിയമർന്ന വാടക ക്വാർട്ടേഴ്‌സിൽ മരണത്തെ മുഖാമുഖംകണ്ട മണിക്കൂറുകൾ. ചെളി വന്നടിഞ്ഞ്‌ തുറക്കാനാവാതിരുന്ന ഗ്രിൽ തകർത്താണ്‌ മഞ്ജുവിനെ അയൽവാസി അധ്യാപകൻ രക്ഷിച്ചത്‌. ടെറസിൽ അഭയംതേടിയ ഇരുവരെയും പുലർച്ചെ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന്‌ രക്ഷിച്ചു. ടെറസിൽ കഴിച്ചുകൂട്ടിയ മണിക്കൂറുകളിൽ അനേകം മനുഷ്യരും പാർപ്പിടങ്ങളും ഒലിച്ചുപോകുന്നത്‌ നടുക്കത്തോടെ കണ്ടുനിന്നു. ഉരുൾപൊട്ടിയ മലകളുടെ അലർച്ച ദേഭിച്ച്‌ മനുഷ്യരുടെ നിലവിളികൾ കാതിൽവന്നലച്ചു. തൊട്ടടുത്ത പള്ളിയിൽ പിറ്റേന്ന്‌ ഉച്ചവരെ. കൽപ്പറ്റയിലുള്ള ചെറിയമ്മ ചിന്നമ്മയുടെ വീട്ടിലെത്തി വസ്‌ത്രംമാറി മേപ്പാടിയിലെ ക്യാമ്പിലേക്ക്‌. ഹൃദയം തകർക്കുന്ന സങ്കടങ്ങൾ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. കാണാതായവരുടെയും മരിച്ചവരുടെയും പട്ടികയിലേക്ക്‌ സ്വന്തം സ്കൂളായ വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ 32 കുഞ്ഞുങ്ങളെ എഴുതിച്ചേർത്തിരുന്നു. അവരിൽ ഏഴുപേർ സ്വന്തം ക്ലാസിലുള്ളവർ.

മഞ്ജു ക്ലാസ്‌ ടീച്ചറായ ആറ്‌ എയിലെ  മുഹമ്മദ്‌ അമീനും അക്ഷയിനേയും മരണംകൊണ്ടുപോയി. ഹഫ്‌ല ഫാത്തിമയെ കണ്ടെത്താനായിട്ടില്ല. അക്ഷയുടെ കുടുംബത്തിലെ ആറുപേരും മുഹമ്മദ്‌ അമീന്റെ കുടുംബത്തിലെ ആറുപേരും ഇല്ലാതായി. മോർച്ചറിയിലെത്തി കുഞ്ഞുങ്ങളെ തിരിച്ചറിയേണ്ട വേദനയിലൂടെയും മഞ്ജു കടന്നുപോയി. ഓരോതവണയും കരൾപിളർന്ന്‌ മോർച്ചറിയിൽനിന്ന്‌ ഓടിപ്പോരുകയാണ്‌. കരഞ്ഞുകൊണ്ട്‌ പിന്നെയും ഔദ്യോഗികത്തിരക്കുകളിലേക്ക്‌ മുഖം പൂഴ്ത്തും. ക്യാമ്പിൽ ആശ്വാസംതേടി അരികിലെത്തുന്ന അമ്മമാരെയും കുഞ്ഞുങ്ങളെയും കെട്ടിപ്പുണർന്ന്‌ മുറിവുകളിൽ സാന്ത്വനത്തിന്റെ മരുന്നാകുന്നു വീണ്ടും മഞ്ജു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top