കൊച്ചി
കേരളം വ്യവസായസൗഹൃദ പട്ടികയിൽ ഒന്നാമതെത്തിയതോടെ സംരംഭകസമൂഹത്തിന് വലിയ ആത്മവിശ്വാസം കൈവന്നതായി വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ‘കേരളം മാറി, ഇവിടെ നിക്ഷേപം നടത്തൂ’ എന്ന ആഹ്വാനമാണ് വ്യവസായസൗഹൃദ റാങ്കിങ്ങിലെ നേട്ടത്തിലൂടെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചെറുകിടവ്യവസായ അസോസിയേഷന്റെ (കെഎസ്എസ്ഐഎ) 64–-ാം സംസ്ഥാന സമ്മേളനവും കേരളം വ്യവസായസൗഹൃദ പട്ടികയിൽ ഒന്നാംസ്ഥാനം നേടിയതിന് അസോസിയേഷൻ സംഘടിപ്പിച്ച ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ എവിടെയും വ്യവസായം തുടങ്ങാവുന്ന സ്ഥിതിയാണുള്ളത്. സംരംഭം തുടങ്ങാൻ അപേക്ഷിച്ചാലുടൻ ലൈസൻസ് ലഭ്യമാകും. മൂന്നുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് 32,000 കോടിയുടെ പുതിയ നിക്ഷേപമുണ്ടായി. ഒരുവർഷത്തിനുള്ളിൽ 30 സ്വകാര്യ വ്യവസായപാർക്കുകൾക്ക് അനുമതി നൽകി. ഈ വർഷം 25 ക്യാമ്പസ് വ്യവസായപാർക്കുകൾക്ക് അനുമതി നൽകും. ഡിസംബർ 31 ആകുമ്പോൾ സംസ്ഥാനത്തെ സർക്കാർ വ്യവസായ എസ്റ്റേറ്റുകളിലെ ഒരു പ്ലോട്ടുപോലും ഒഴിഞ്ഞുകിടക്കാൻ പാടില്ലെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദേശം. ഫെബ്രുവരി 21നും 22നും ആഗോള നിക്ഷേപ ഉച്ചകോടി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ നിസാറുദീൻ, മുൻ പ്രസിഡന്റുമാരായ വി കെ സി മമ്മദ് കോയ, എം ഖാലിദ്, ജനറൽ സെക്രട്ടറി ജോസഫ് പൈകട തുടങ്ങിയവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..