മലങ്കര സഭയുടെ ശക്തമായ നേതൃത്വമായിരുന്നു ശ്രേഷ്‌ഠ കാതോലിക്ക ബാവ. നേതൃത്വമില്ലാതെ വലഞ്ഞുപോകുമായിരുന്ന മഹാഭൂരിപക്ഷം മലങ്കര വിശ്വാസികളെ അന്ത്യോഖ്യാ പാത്രിയാർക്കീസിനുകീഴിൽ നിലനിർത്താൻ സഹായിച്ചത് അദ്ദേഹത്തിന്റെ തീക്ഷ്‌ണ വൈഭവമുള്ള നടത്തിപ്പാണ്. 1995ലെ സുപ്രീംകോടതി വിധിയോടെ തീർത്തും ഇല്ലാതാകുമായിരുന്ന സഭയെ ജീവനും ശക്തിയും കൊടുത്ത് ചേർത്തുനിർത്തിയ അദ്ദേഹത്തിന്റെ മഹത്തരമായ സേവനം വിസ്‌മരിക്കാനാകാത്തതാണ്.
അപാരമായ ബൈബിൾ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. നല്ല ഭാഷാശുദ്ധിയോടെ അത് അവതരിപ്പിക്കാനും കഴിയുമായിരുന്നു. ശ്രേഷ്‌ഠ കാതോലിക്കാ ബാവയാകുന്നതിനു മുമ്പും ശേഷവും ഒന്നുരണ്ട് പ്രഭാഷണങ്ങളിൽ ഒന്നിച്ച് സംബന്ധിക്കാൻ ഞങ്ങൾക്കായിട്ടുണ്ട്. 1960 കാലത്താണ് അദ്ദേഹത്തെപ്പറ്റി ഞാൻ അറിയുന്നത്.
അന്ന് അദ്ദേഹം ശ്രേഷ്‌ഠ കാതോലിക്കാ ബാവ ആയിട്ടില്ല. എന്റെ അഭിഭാഷക സുഹൃത്തുക്കളിലൊരാളും ഓർത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. സഖറിയ കോശി മുഖേനയാണ് സുവിശേഷപ്രസംഗകനായിരുന്ന സി എം തോമസ് അച്ചനെക്കുറിച്ച് ഞാനറിയുന്നത്. പക്ഷേ, അദ്ദേഹത്തെ പരിചയപ്പെട്ടത് അന്ത്യോഖ്യാ പാത്രിയാർക്കീസിൽനിന്ന് മെത്രാപോലീത്തയായി വാഴിക്കപ്പെട്ടശേഷമാണ്. അക്കാലത്ത് ഒന്നുരണ്ടുതവണ ആ പ്രസംഗം കേൾക്കാനുമായിട്ടുണ്ട്.
കഷ്‌ടത നിറഞ്ഞ ബാല്യ കൗമാരങ്ങൾ കടന്നാണ് അദ്ദേഹം വന്നത്. ആ തീക്ഷ്‌ണമായ ജീവിതാനുഭവങ്ങളിലൂടെ ലഭിച്ച നന്മ എക്കാലവും അദ്ദേഹത്തിന് കാത്തുസൂക്ഷിക്കാനായിട്ടുണ്ട്. വളരെ കണിശമായ ജീവിതനിഷ്‌ഠകൾ പുലർത്തിവന്നയാൾകൂടിയാണ് അദ്ദേഹം. ഹൂദായ കാനോനിൽ പറഞ്ഞിരിക്കുന്നതിൽനിന്ന് അണുവിട വ്യതിചലിക്കാതെ ഒരു മുടക്കവുമില്ലാതെ പ്രാർഥനയും ഭക്ഷണക്രമങ്ങളും ബ്രഹ്മചര്യാനുഷ്‌ഠാനവും പുലർത്തുന്ന അപൂർവ വ്യക്‌തിത്വംകൂടിയാണ് അദ്ദേഹം.
ഞാൻ മർത്തോമാ സഭാംഗം ആണെങ്കിലും ഇതര മലങ്കര സഭകളുടെ പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി നോക്കിക്കാണാറുണ്ടായിരുന്നു. ഇരുസഭകളിലും അംഗമല്ലാതിരുന്നിട്ടും മലങ്കര യാക്കോബായ സഭയും മലങ്കര ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള നിയമവ്യവഹാരങ്ങളിൽ ഒന്നിൽപ്പോലും ഞാൻ ഇടപെട്ടിട്ടില്ല. കേസ് കേൾക്കാതെ എല്ലാ തവണയും ഞാൻ ഒഴിഞ്ഞുമാറിയിട്ടുണ്ട്. ഇരുസഭകളിലുമുള്ളവരുമായി എനിക്ക് നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നു. കോട്ടയത്തുകാരനായതിനാലുമാണ് ഞാൻ ഒഴിഞ്ഞുമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് നിയമ പരിഷ്‌കരണ കമീഷൻ ചെയർമാനായി ഞാൻ ചുമതലയേറ്റത്. ആ കമീഷന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നായിരുന്നു സെമിത്തേരി നിയമം 2020. ഈ നിയമം വന്നതോടുകൂടി തർക്കങ്ങൾക്ക് കുറേയേറെ പരിഹാരമായി.
മലങ്കര യാക്കോബായ സഭയുടെ ചരിത്രത്തെ സംബന്ധിച്ച് അദ്ദേഹം എക്കാലവും അവിസ്‌മരണീയനാണ്. സഭ പ്രതിസന്ധികളിലായ ഘട്ടത്തിലെല്ലാം അനാരോഗ്യവും വാർധക്യവും മറന്ന് സംരക്ഷകനായി അദ്ദേഹം എത്തിയിട്ടുണ്ട്. സഭാ വിശ്വാസികൾക്ക് ഊർജവും പ്രചോദനവും നൽകി മുമ്പിൽത്തന്നെ അദ്ദേഹം ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങൾ സഭയ്‌ക്ക് വിസ്‌മരിക്കാനാകുന്നതല്ല, എല്ലാകാലത്തും സഭയും വിശ്വാസികളും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..