22 November Friday

ലക്കും ലഗാനുമില്ലാതെ 
സുരേഷ്‌ ഗോപി ; ദേശീയ നേതൃത്വത്തിന്‌ പരാതി പ്രവാഹം , നുണക്കുഴികളിൽവീണ് 
ആക്ഷൻ സീറോ

പ്രത്യേക ലേഖകൻUpdated: Friday Nov 1, 2024


തിരുവനന്തപുരം
കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപിയുടെ "സിനിമാബാധ'യിലുള്ള അമർഷം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നേതാക്കൾ. പരസ്പര ബന്ധമില്ലാതെ സംസാരിച്ചും വാക്കുമാറ്റിപ്പറഞ്ഞും പാർടി വേദിയിൽ സംസ്ഥാന, ജില്ലാ നേതാക്കളെ അപമാനിച്ചുമുള്ള പോക്ക്‌ തുടരാനാകില്ലെന്നും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പാർടിക്ക്‌ വലിയ തിരിച്ചടിയുണ്ടാകുമെന്ന്‌ നേതാക്കൾ അമിത്‌ ഷായെയും ജെ പി നദ്ദയെയും ധരിപ്പിച്ചു. ചങ്ങനാശേരിയിൽ പരിപാടിയിൽ നിവേദനവുമായി വന്നവരെ  ‘ഞാൻ നിങ്ങളുടെ എംപി അല്ലെ'ന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും കാണിച്ച്‌ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ പരാതി അയച്ചതിന്‌ പിന്നാലെയാണ്‌ കൂടുതൽ നേതാക്കൾ രംഗത്ത്‌ എത്തിയത്‌.

ചേലക്കരയിൽ ബിജെപി കൺവെൻഷനിൽ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും തൃശൂർ ജില്ലാ പ്രസിഡന്റ്‌ അനീഷ്‌ കുമാറും പറഞ്ഞത്‌ പാടേ തള്ളി, താൻ ആംബുലൻസിൽ പൂരത്തിനെത്തിയില്ലെന്ന സുരേഷ്‌ ഗോപിയുടെ പ്രസംഗം നേതാക്കൾക്ക്‌ കടുത്ത ക്ഷീണമുണ്ടാക്കിയിരുന്നു.  സുരേഷ്‌ഗോപിക്കായി തങ്ങളാണ്‌ ആംബുലൻസ്‌ ഏർപ്പാടാക്കിയതെന്നായിരുന്നു സുരേന്ദ്രനും അനീഷും അവിടെ പ്രസംഗിച്ചത്‌. എന്നാൽ ആംബുലൻസിൽ കയറിയില്ലെന്ന കള്ളം തെളിവുകളുടെ മുന്നിൽ പൊളിഞ്ഞതോടെ വ്യാഴാഴ്‌ച സുരേഷ്‌ഗോപി മലക്കം മറിഞ്ഞു. ഗുണ്ടകൾ ആക്രമിച്ചതിനാലാണ്‌ ആംബുലൻസിൽ കയറിയതെന്ന്‌ പറഞ്ഞ അദ്ദേഹം ആക്രമണത്തിൽനിന്ന്‌ രക്ഷിക്കാൻ ബിജെപിക്കാരല്ല നാട്ടുകാരാണ്‌ വന്നതെന്നും ഓർമിപ്പിച്ചു.  

കഴിഞ്ഞ ദിവസം സുരേഷ്‌ ഗോപി മാധ്യമങ്ങളെ പുറത്താക്കിയതും അധിക്ഷേപിച്ച്‌ സംസാരിച്ചതും സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. പൊതുവേദിയിൽ മുഖ്യമന്ത്രിയെ അടക്കം മോശം വാക്കുകളിലൂടെ അപമാനിക്കാൻ ശ്രമിച്ചത്‌ ബിജെപിക്ക്‌ ക്ഷീണമുണ്ടാക്കിയെന്നാണ്‌ നേതാക്കളുടെ വിലയിരുത്തൽ. ഈ പോക്ക്‌ നിയന്ത്രിക്കാൻ ആവശ്യമായ നിർദേശം ഡൽഹിയിൽ നിന്നുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഒരു സംസ്ഥാന നേതാവ്‌ പറഞ്ഞു.

നുണക്കുഴികളിൽവീണ് 
ആക്-ഷൻ സീറോ
തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയിട്ടില്ലെന്ന നുണ പൊളിഞ്ഞപ്പോൾ പുതിയ കഥയുമായി കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി. പൂരത്തിന്‌ ആംബുലൻസിൽ എത്തിയെന്ന്‌ സമ്മതിച്ച സുരേഷ്‌ ഗോപി, തന്റെ വാഹനം ഗുണ്ടകൾ  ആക്രമിച്ചെന്നും അതിനാലാണ്‌ ആംബുലൻസിൽ പോയതെന്നുമാക്കി പുതിയ തിരക്കഥ. താൻ ആംബുലൻസിൽ പോയത്‌ മായാക്കാഴ്‌ചയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ചേലക്കരയിലെ എൻഡിഎ കൺവൻഷനിൽ സുരേഷ്‌ഗോപിയുടെ കള്ളം.
എന്നാൽ ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ  വീണ്ടും മാധ്യമങ്ങളിൽ  നിറഞ്ഞതോടെ എരിവും പുളിയും അടിയും പിടിയുമുള്ള പുതിയ ത്രില്ലർക്കഥതന്നെ തയ്യാറാക്കിയിരിക്കുകയാണ്‌. അഞ്ച്‌ കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ്‌ പൂരത്തിനെത്തിയത്‌.  എന്നാൽ,  തന്റെ വാഹനം  ഗുണ്ടകൾ ആക്രമിച്ചു.

അവിടെനിന്നുംതന്നെ രക്ഷിച്ച്‌ ആംബുലൻസിൽ തൃശൂരിലെത്തിച്ചത്‌ ഒരു രാഷ്‌ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണെന്നാണ്‌ പുതിയ നുണ. കാലിന്‌ വേദനയുള്ളതിനാൽ ആൾക്കൂട്ടത്തിനിടയിലൂടെ നടക്കാനാവാത്ത സ്ഥിതിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 19നായിരുന്നു തൃശൂർ പൂരം. ഇതുവരെ ഗുണ്ടാ ആക്രമണമുണ്ടായതായി സുരേഷ്‌ ഗോപിയോ ബിജെപി നേതാക്കളോ  എവിടെയും പറഞ്ഞിട്ടില്ല. പൊലീസിൽ പരാതി നൽകിയിട്ടുമില്ല.  മാസങ്ങൾ പിന്നിട്ടശേഷം പൂരപ്രേമികളെ അപമാനിക്കുംവിധമാണ്‌ നുണക്കഥകൾ മെനയുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top