23 December Monday

ഉമർ ഫൈസിയെ തൊട്ട്‌ 
വെട്ടിലായി ലീഗ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024


മലപ്പുറം
മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖലി ശിഹാബ്‌ തങ്ങളെ വിമർശിച്ചതിന്റെ പേരിൽ സമസ്‌ത സംസ്ഥാന സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ ഒതുക്കാൻ ശ്രമം. ഉമർ ഫൈസി മുക്കത്തെ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലുമ (ഇകെ വിഭാഗം) മുശാവറയിൽനിന്ന്‌ പുറത്താക്കണമെന്ന ആവശ്യപ്പെട്ട്‌ ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ ലീഗ്‌ നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഉമർ ഫൈസിക്ക്‌ ഇരുമ്പുമറ തീർത്ത്‌ മുശാവറ അംഗങ്ങൾതന്നെ രംഗത്തെത്തിയതോടെ ലീഗ്‌ നേതൃത്വം വെട്ടിലായി. സാദിഖലി തങ്ങൾ ഖാസിയാകാൻ യോഗ്യനല്ലെന്ന ഉമർ ഫൈസിയുടെ നിലപാടിന്‌ സമസ്‌തയിലെ മതപണ്ഡിതരുടെ കൂടി പിന്തുണയുണ്ട്‌ എന്ന്‌ വ്യക്തമായതോടെയാണിത്‌.  ഖാസിമാരുടെ യോഗ്യതയെക്കുറിച്ച്‌ ഉയർത്തിയ ആരോപണങ്ങൾക്ക്‌ മറുപടി പറയാൻ ലീഗ്‌ അനുകൂലികൾക്ക്‌ സാധിച്ചിട്ടുമില്ല. മതകാര്യങ്ങളിൽ അവഗാഹവും പാണ്ഡിത്യവുമുള്ള മതപണ്ഡിതരെയാണ്‌ മുൻകാലങ്ങളിൽ ഖാസിമാരായി നിയമിക്കാറുള്ളത്‌. രാഷ്‌ട്രീയ സമ്മർദത്തിന്റെ ഫലമായി ഖാസിമാരെ നിശ്ചയിക്കുന്നത്‌ മതതത്വങ്ങൾക്ക്‌ നിരക്കുന്നതല്ലെന്ന വാദത്തെ മതവിശ്വാസികളിൽ ബഹുഭൂരിപക്ഷവും പിന്തുണയ്‌ക്കുന്നുമുണ്ട്‌. 

വിമർശനങ്ങൾക്ക്‌ മറുപടി പറയുന്നതിനുപകരം വിഷയത്തെ രാഷ്‌ട്രീയമായി നേരിടാനാണ്‌ ലീഗ്‌ അനുകൂലികൾ സാമൂഹികമാധ്യമങ്ങളിൽ ശ്രമിക്കുന്നത്‌. ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും എം കെ മുനീർ എംഎൽഎയും വാളെടുത്തെങ്കിലും പന്തിയല്ലെന്ന്‌ കണ്ട്‌ പിൻവാങ്ങി. ഉമർ ഫൈസിക്കെതിരായ നടപടിയെ പ്രതിരോധിക്കുമെന്ന സൂചന മുശാവറ അംഗങ്ങൾ സംയുക്ത പ്രസ്‌താവനയിലൂടെ നൽകിയതോടെയാണിത്‌. ഉമർ ഫൈസിക്കെതിരെ പൊലീസിൽ പരാതി നൽകിയതും പ്രശ്‌നംരൂക്ഷമാക്കി. മതപ്രഭാഷണത്തെ പൊലീസ്‌ നടപടികളിലേക്ക്‌ വലിച്ചിഴച്ചരീതി അംഗീകരിക്കാനാവില്ലെന്ന വാദത്തെയാണ്‌ ഭൂരിഭാഗംപേരും പിന്തുണയ്‌ക്കുന്നത്‌.

ഉമർ ഫൈസിയുടെ 
വിമർശം 
സ്‌പർധയുണ്ടാക്കുന്നത്‌:
കുഞ്ഞാലിക്കുട്ടി
പാണക്കാട് സാദിഖലി ശിഹാബ്‌ തങ്ങൾ ഖാസി സ്ഥാനത്തിന് യോഗ്യനല്ലെന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഉമർ ഫൈസിയുടെ വിമർശം സ്പർധ വളർത്തുന്നതാണെന്ന്‌ ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇതിന്റെ ഗൗരവം സമസ്ത നേതൃത്വം  കുറച്ചുകാണരുത്‌. കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാകരുത്. ജനവികാരം സമസ്ത കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top