കാളികാവ് (മലപ്പുറം)
റബർ വില ഇടിയുമ്പോഴും റബർകുരുവിന് റെക്കോഡ് വില. ഒരുകിലോയ്ക്ക് 120 രൂപയാണ് നിലവില്‍ വിപണി വില. ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് ഇത് കയറ്റിയയക്കുന്നത്. അവിടെ റബർകൃഷി വ്യാപിപ്പിക്കുന്നതിന് നഴ്സറിയുണ്ടാക്കുന്നതിനാണ് കുരു ഉപയോഗിക്കുന്നത്.
കാലാവസ്ഥാവ്യതിയാനമാണ് റബർകുരു ഉല്‍പ്പാദനം കുറച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നാലിലൊന്നുപോലും ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. കൂടിയ വില നൽകിയിട്ടും ആവശ്യത്തിന് കുരു കിട്ടാനില്ല. കിഴക്കൻ മലയോര മേഖലയിലാണ് എല്ലാവർഷവും ലക്ഷങ്ങളുടെ റബര്‍കുരു വിപണനം നടക്കുന്നത്. കാലംതെറ്റിയ കനത്ത മഴയാണ് ഇക്കുറി ഉല്‍പ്പാദനത്തെ ബാധിച്ചത്. സീസണാകുമ്പോഴേക്ക് കുരുമൂത്ത് ഉണങ്ങിയിട്ടുണ്ടാകും. സാധാരണ ആഗസ്ത് അവസാനംമുതല്‍ സെപ്തംബർ അവസാനംവരെയാണ് റബര്‍കുരു വിപണനകാലം. കഴിഞ്ഞവർഷം അമ്പത് രൂപയായിരുന്നു ഉയര്‍ന്ന വില. സീസൺ കാലത്ത് കുരു ശേഖരണത്തിന് വ്യാപാരികൾ മുന്നിട്ടിറങ്ങും. നേരത്തെ കോട്ടയത്തുനിന്ന് തൈ കയറ്റിയയക്കുകയായിരുന്നു.
അത്യുൽപ്പാദനശേഷിയുള്ള മുന്തിയ ഇനം റബർകുരു നിലമ്പൂർ മേഖലയിലാണ്. ജില്ലയിലെ ഏറ്റവും വലിയ റബർ എസ്റ്റേറ്റായ പുല്ലങ്കോടില്‍ കുരുവിന് ആവശ്യക്കാർ ഏറെയാണ്. ഈ വർഷം പുല്ലങ്കോടുമാത്രം 50 ടൺ കുരുവിന് ഓര്‍ഡര്‍ ലഭിച്ചതായി വ്യാപാരികൾ പറയുന്നു. എന്നാൽ, 10 ടൺപോലും ഇതുവരെ ലഭിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..