23 December Monday

ടി പി ജി നമ്പ്യാര്‍ ; ഇലക്‌ട്രോണിക്‌സ്‌ വ്യവസായത്തിലെ അതികായൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024


തലശേരി
ബിപിഎൽ എന്ന ബ്രാൻഡിനെ ജനകീയമാക്കിയ, ഇന്ത്യൻ ഇലക്‌ട്രോണിക്‌സ്‌ വ്യവസായത്തിലെ അതികായനെയാണ്‌ ടി പി ജി നമ്പ്യാരുടെ വേർപാടിലൂടെ രാജ്യത്തിന്‌ നഷ്‌ടമാകുന്നത്‌. തലശേരിയ്‌ക്കടുത്ത പുന്നോൽ ആച്ചുകുളങ്ങര ഗ്രാമത്തിൽ ജനിച്ച്‌ രാജ്യം ശ്രദ്ധിച്ച വ്യവസായിയായി വളർന്ന ജീവിതകഥയാണ്‌ ടി പി ഗോപാലൻനമ്പ്യാർ എന്ന ടി പി ജി നമ്പ്യാരുടേത്‌. പ്രതിരോധസേനയ്‌ക്ക്‌ പാനൽ മീറ്ററുകൾ നിർമിച്ച്‌ വ്യവസായരംഗത്ത്‌ പാലക്കാട്ടുനിന്നാരംഭിച്ച ആറു പതിറ്റാണ്ടിലേറെ നീണ്ട യാത്രക്കാണ്‌ ബംഗളൂരുവിൽ വ്യാഴാഴ്‌ച വിരാമമായത്‌.

ഇന്ത്യൻ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്‌ രംഗത്ത്‌ ഒരുകാലത്ത്‌ സർവാധിപത്യം പുലർത്തിയ ബ്രാൻഡായിരുന്നു ടി പി ജി നമ്പ്യാരുടെ ബിപിഎൽ. 1963ലാണ്‌ ബ്രിട്ടീഷ്‌ ഫിസിക്കൽ ലാബോറട്ടറീസ്‌ (ബിപിഎൽ) ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ അദ്ദേഹം ആരംഭിച്ചത്‌. അതേപേരിലുള്ള ബ്രിട്ടീഷ്‌ കമ്പനിയുമായി സഹകരിച്ചായിരുന്നു തുടക്കം. മൂന്നു ദശാബ്ദംകൊണ്ട്‌ രാജ്യത്തെ ഇലക്‌ട്രോണിക്‌സ്‌ ഉൽപ്പാദനരംഗത്ത്‌ ഒന്നാംനിരയിലേക്ക്‌ ബിപിഎല്ലിനെ വളർത്തി. അക്കാലത്ത്‌ രാജ്യത്തെ ആദ്യ പത്ത്‌ മുൻനിര കമ്പനികളിൽ ഒന്നായിരുന്നു.

1982ലെ ഏഷ്യൻ ഗെയിംസിനുശേഷം ഇന്ത്യൻ വിപണിയിൽ കളർടിവികൾക്കും വീഡിയോ കാസറ്റുകൾമുണ്ടായ ഡിമാൻഡ്‌ കണ്ടറിഞ്ഞാണ്‌ അതിന്റെ നിർമാണത്തിലേക്ക്‌ തിരിഞ്ഞത്‌. ടിവി, റഫ്രിജറേറ്റർ, വാഷിങ്‌മെഷീൻ തുടങ്ങി ഇരുനൂറോളം ഉൽപ്പന്നങ്ങൾ ഒരുകാലത്ത്‌ ബിപിഎൽ വിപണിയിലെത്തിച്ചു. തൊണ്ണൂറുകൾ വരെ ഇന്ത്യൻ ഇലക്‌ട്രോണിക്‌സ്‌ നിർമാണരംഗത്ത്‌ അതികായരായിരുന്ന ബിപിഎൽ പിന്നീട്‌ ടെലികമ്യൂണിക്കേഷൻ, മൊബൈൽഫോൺ രംഗത്തേക്കു തിരിഞ്ഞു. നിലവിൽ മെഡിക്കൽ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളുടെ നിർമാണത്തിലാണ്‌ ശ്രദ്ധകേന്ദ്രീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top