24 December Tuesday
തൂത്തുക്കുടി 
തുറമുഖത്തിന്‌ കേന്ദ്രം നൽകിയ പരിഗണന 
വിഴിഞ്ഞത്തിനും 
വേണം

സഹായം വായ്‌പയാക്കരുത്‌ ; കേന്ദ്രം നിലപാട്‌ തിരുത്തണം : മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Nov 2, 2024


തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ള കേന്ദ്രസർക്കാർ വാഗ്‌ദാനംചെയ്‌ത വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌  തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക്‌ കത്തയച്ചു. തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രം നൽകിയ അതേ പരിഗണന വിഴിഞ്ഞത്തിന്‌ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വികസനക്കുതിപ്പിൽ വിഴിഞ്ഞത്തിന്‌ സുപ്രധാന പങ്കുവഹിക്കാനുണ്ട്‌. വിഴിഞ്ഞം തുറമുഖ നിർമാണ ഘട്ടത്തിലെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ മാത്രമേ പണം അനുവദിക്കാനാകൂയെന്ന കേന്ദ്ര നിലപാട്‌ പുനഃപരിശോധിക്കണം. പദ്ധതി വിഹിതമായ 8867 കോടി രൂപയിൽ 5595 കോടി രൂപയും സംസ്ഥാനമാണ്‌ നിക്ഷേപം നടത്തുന്നത്‌. പരിമിതമായ സാമ്പത്തിക സ്രോതസ്സുകളുള്ള കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തിന്‌ ഇത്‌ വലിയ ബാധ്യതയാണ്‌.  തുക തിരിച്ചടയ്‌ക്കേണ്ടിവരുന്നത്‌ സംസ്ഥാനത്തിന്‌ 10,000 മുതൽ 12,000 കോടി രൂപയുടെ നഷ്ടം വരുത്തും. വിജിഎഫ് മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണ്‌ കേന്ദ്ര തീരുമാനം.

കസ്റ്റംസ് തീരുവയിൽ ഒരു രൂപയിൽനിന്നും കേന്ദ്രസർക്കാരിന്‌ 60 പൈസ ലഭിക്കും. അതേസമയം കേരളത്തിന്‌ മൂന്ന്‌ പൈസയിൽ താഴെയേ കിട്ടൂ. വിഴിഞ്ഞത്തുനിന്ന്‌ പ്രതിവർഷം പതിനായിരം കോടി രൂപ കസ്റ്റംസ്‌ തീരുവയായി ലഭിക്കും. ഇതുവഴി കേന്ദ്രത്തിന്‌ 6000 കോടി രൂപയാണ്‌ അധികവരുമാനം ലഭിക്കുക. തുറമുഖം മുഖേന രാജ്യത്തിന് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങളും വിദേശനാണ്യ സമ്പാദ്യവുമുണ്ടാകുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top