തിരുവനന്തപുരം > ചികിത്സയ്‌ക്കിടെ ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവും എട്ടരലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകര പുത്തൻകട വാറുവിള പഞ്ചമിയിൽ ഷിനോജി (36) നെയാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുവർഷവും നാലുമാസവും കൂടുതൽ ശിക്ഷയനുഭവിക്കണം. പിഴത്തുകയിൽനിന്ന് എട്ടു ലക്ഷം രൂപ കുട്ടിക്ക് നൽകണം. ലീഗൽ സർവീസ് അതോറിറ്റിയും നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദേശിച്ചു.
2019ലാണ് കേസിനാസ്പദമായ സംഭവം. 74 ശതമാനം വൈകല്യമുള്ള കുട്ടിയെ വീട്ടിലെത്തി ചികിത്സിക്കാമെന്ന് പ്രതി ഷിനോജ് വാഗ്‌ദാനം നൽകി. ചികിത്സയെന്ന വ്യാജേനയായിരുന്നു പീഡനം. സ്വഭാവത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പൊലീസ് മേധാവിയുടെ നിർദേശാനുസരണം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആയിരുന്ന പി അനിൽകുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ്, വി സി ബിന്ദു എന്നിവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..