മഞ്ചേരി > "ഛിന്നഭിന്നമായ ശരീരങ്ങൾ, പലതിലും മുഖമെന്ന് പറയാൻ ബാക്കിയൊന്നുമില്ല. ഏറെ പണിപ്പെട്ട് കണ്ണും മൂക്കും കാതുമെല്ലാം ചേർത്തുവച്ച് തുന്നുകളിട്ട് ഒരുക്കി. ആകൃതി കണ്ടെത്തി കോട്ടൺ ഉള്ളിൽ നിറച്ച് തുന്നിയെടുത്തതോടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കൾക്കായി. 48 മണിക്കൂർ പണിപ്പെട്ടാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്"–- മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. "അവസാനമായി ഒരുനോക്കു കാണാൻ പ്രിയപ്പെട്ടവർക്ക് നൽകുമ്പോൾ അത് ഏറ്റവും ഭംഗിയായി നൽകണമെന്നാണ് ആഗ്രഹം. തെയ്യാറെടുപ്പുകളോടെയാണ് മഞ്ചേരിയിൽനിന്ന് പുറപ്പെട്ടത്. എന്നാൽ, കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതായിരുന്നു നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലെ കാഴ്‌ച. പല മൃതദേഹങ്ങളുടെയും ഭാഗങ്ങൾ മാത്രമാണ് ലഭിച്ചത്.
മിക്കതിനും ആന്തരാവയവങ്ങളില്ല. മണ്ണും ചളിയും നിറഞ്ഞ തോടുകൾ മാത്രം. തലയോട്ടി തകർന്നും തൊലിയുരിഞ്ഞും പോയ മുഖങ്ങൾ തിരിച്ചറിയാൻ പറ്റുംവിധം തുന്നിച്ചേർക്കാനായത് ഫോറൻസിക് സംഘത്തിന്റെ നേട്ടമാണ്. എല്ലാ ശരീരഭാഗങ്ങളുടെയും ഡിഎൻഎ സാമ്പിൾ ശേഖരിച്ച് ലാബിലേക്ക് അയച്ചു. കമ്മൽ, മോതിരം തുടങ്ങി കണ്ടെത്തിയ ആഭരണങ്ങളും പച്ചകുത്തിയ കൈകാലുകളും മൃതദേഹം തിരിച്ചറിയാൻ സഹായിക്കും. അതിനുള്ള ക്രമീകരണങ്ങൾചെയ്താണ് നടപടി പൂർത്തിയാക്കിയത്."
(മൃതദേഹങ്ങൾ തിരിച്ചറിയാൻ ഫോറൻസിക് റീ കൺസ്‌ട്രക്ഷൻ നടത്തിയ ഡോക്ടറുടെ അനുഭവം)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..