20 September Friday

കുണ്ടന്നൂർ–തേവര പാലം ; ശാസ്ത്രീയനിർമാണം മഴയ്ക്കുശേഷമെന്ന് സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024


കൊച്ചി
കുണ്ടന്നൂർ–തേവര പാലത്തിൽ ശാസ്ത്രീയനിർമാണം മഴ കുറയുന്നതോടെ ആഗസ്‌തിൽത്തന്നെ തുടങ്ങുമെന്നും കേന്ദ്ര ഉപരിതലമന്ത്രാലയത്തിന്റെ അനുമതിയെ തുടർന്ന്‌ കരാർ നൽകിയിട്ടുണ്ടെന്നും സർക്കാർ ഹെെക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നിർമാണം പൂർത്തിയായി അഞ്ചുവർഷത്തിനുള്ളിൽ എല്ലാ അറ്റകുറ്റപ്പണികളും കരാറുകാരൻതന്നെ നിർവഹിക്കണമെന്ന വ്യവസ്ഥയോടെയാണ് കരാർ.

എന്നാൽ, റോഡ് വളരെ മോശമായതിനാൽ താൽക്കാലിക പരിഹാരത്തിന്‌ അറ്റകുറ്റപ്പണികൾമാത്രമാണ് കഴിഞ്ഞദിവസങ്ങളിൽ നടത്തിയത്. കനത്ത മഴയിൽ വീണ്ടും കുഴികളുണ്ടായതിനാൽ അതും പരിഹരിക്കാൻ നിർദേശം നൽകിയെന്നും പൊതുമരാമത്തുവകുപ്പ് എൻജിനിയർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.  
പാലം ശാസ്ത്രീയമായി ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരട് നഗരസഭാ മുൻ ഉപാധ്യക്ഷൻ ബോബൻ നെടുംപറമ്പിൽ നൽകിയ പൊതുതാൽപ്പര്യഹർജിയിലാണ് സത്യവാങ്മൂലം.കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിനുകീഴിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 2022ൽത്തന്നെ എസ്റ്റിമേറ്റ്‌ സമർപ്പിച്ചിരുന്നു. 12.85 കോടിയുടെ എസ്റ്റിമേറ്റിന് 2023 മാർച്ചിൽ അനുമതി ലഭിച്ചു. 12 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ നവംബറിൽ കരാറും നൽകി. അതിനിടെ ഉപരിതല ഗതാഗതമന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ സ്ഥലപരിശോധനയിൽ നിർമാണത്തിന് കൂടുതൽ ഉറപ്പുള്ള മാർഗം വേണമെന്ന് നിർദേശിച്ചതിനാൽ പുതിയ പ്രൊപ്പോസൽ നൽകേണ്ടിവന്നു. അതിന് 2024 മേയിലാണ് അനുമതിയായത്. ജൂണിൽ കാലവർഷം തുടങ്ങുമെന്നതിനാൽ ആഗസ്‌തിൽ നിർമാണം തുടങ്ങാനാണ് ഉദ്ദേശിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞു.

ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ  ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സർക്കാരിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ കെ വി മനോജ്കുമാർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top