27 December Friday

തൃക്കാക്കര നഗരസഭ ; കരാർ കാലാവധി കഴിഞ്ഞ കമ്പനിക്ക്‌ ലക്ഷങ്ങൾ നൽകിയത്‌ വിവാദമായി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024


തൃക്കാക്കര
കരാർ കാലാവധി കഴിഞ്ഞ കമ്പനിക്ക് ലക്ഷങ്ങളുടെ ബിൽ മാറി നൽകിയ നഗരസഭാ അധ്യക്ഷയുടെ നടപടിക്കെതിരെ എതിർപ്പുമായി യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ രംഗത്ത്.കൗൺസിൽ അറിയാതെ നഗരസഭാ അധ്യക്ഷ ആസ്തി ഡിജിറ്റലൈസേഷന്റെ കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിക്ക് കാലാവധി കഴിഞ്ഞിട്ടും 12 ലക്ഷം രൂപ നൽകിയതാണ്‌ വിവാദമായത്‌.ബിൽ നൽകുന്നതിനുമുമ്പ് സ്റ്റിയറിങ്‌ കമ്മിറ്റിയുടെ അംഗീകാരം വാങ്ങിയില്ലെന്ന്‌ വൈസ് ചെയർമാൻ പി എം യൂനസ് പറഞ്ഞു. എ ഗ്രൂപ്പ് വിഭാഗം നേതാക്കളും സ്ഥിരംസമിതി അധ്യക്ഷരായ നൗഷാദ് പല്ലച്ചി, സ്മിത സണ്ണി എന്നിവരും അധ്യക്ഷയ്‌ക്കെതിരെ രംഗത്തെത്തി. പിന്നാലെ ഐ ഗ്രൂപ്പ് അംഗങ്ങളും നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ തിരിഞ്ഞു. ഇതോടെ യോഗത്തിൽ നഗരസഭാ അധ്യക്ഷ രാധാമണിപിള്ള ഒറ്റപ്പെടുകയായിരുന്നു.

ആസ്തി ഡിജിറ്റലൈസേഷൻ നടപ്പാക്കാൻ 2022ൽ നഗരസഭയുമായി കരാറിൽ ഒപ്പുവച്ച സ്വകാര്യ കമ്പനിക്ക് രണ്ടുതവണ കരാർ നീട്ടിനൽകിയിട്ടും പ്രവൃത്തികൾ പൂർത്തിയാക്കിയില്ല. ഇതുമൂലം നഗരസഭയ്‌ക്ക് നാലുവർഷത്തെ ഗ്രാന്റ്‌ തുകയായ 3.24 കോടി രൂപ നഷ്‌ടമായി. കളമശേരി നഗരസഭയിൽ ഊരാളുങ്കൽ സൊസൈറ്റി ആറുമാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കിയപ്പോഴാണ് നഗരസഭയ്‌ക്ക് കോടികൾ നഷ്ടപ്പെടുത്തിയ കമ്പനിക്ക് ബിൽ മാറി നൽകിയതെന്ന് എൽഡിഎഫ് പറഞ്ഞു. ചെക്ക്‌ തിരിച്ചുപിടിക്കണമെന്ന്‌ അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും കമ്പനി തുക മാറിയെടുത്തിരുന്നു.

കഴിഞ്ഞ കൗൺസിലിൽ എതിർപ്പിനെ തുടർന്ന് മാറ്റിവച്ച ബസ് സ്റ്റാൻഡ് നിർമാണത്തിനുള്ള ഡിപിആർ വീണ്ടും കൊണ്ടുവന്നതിനെതിരെയും വിമർശമുയർന്നു. പൊതുമരാമത്ത് സ്ഥിരംസമിതിയിൽ അവതരിപ്പിക്കാതെയാണ് ഡിപിആർ അജൻഡയായി വന്നതെന്ന് സോമി റെജി ആരോപിച്ചു. യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ ഒന്നിച്ച് എതിർത്തതോടെ അജൻഡ പരിഗണിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top