27 December Friday

സുബൈദ ഉമ്മയുടെ 
കരുതൽ വയനാടിനും ; ഒരു ദിവസത്തെ വിറ്റുവരവും ക്ഷേമപെൻഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

സ്വന്തം ലേഖകൻUpdated: Friday Aug 2, 2024

സുബൈദ ഉമ്മ കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനുസമീപത്തെ ചായക്കടയിൽ

കൊല്ലം
പ്രളയദിനങ്ങളിൽ ആടിനെ വിറ്റ്‌ കേരളത്തിനായി  കരുതലൊരുക്കിയ  സുബൈദ ഉമ്മ ഇക്കുറിയും അറച്ചുനിന്നില്ല.   ഒരു ദിവസത്തെ വിറ്റുവരവും ക്ഷേമപെൻഷനുമടക്കം ഇരട്ടിയോളം രൂപയാണ്‌ ഉമ്മ മുണ്ടക്കൈ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടച്ചത്‌.

‘‘വയനാടും കൊല്ലവുമെല്ലാം ചേർന്നതല്ലേ കേരളം, ജനിച്ചുവളർന്ന നാടിനൊപ്പമല്ലേ നമ്മൾ നിൽക്കേണ്ടത്. അതിൽ ജാതിയും മതവും രാഷ്ട്രീയവുമില്ല’’–-  സമ്പാദ്യം നുള്ളിപ്പെറുക്കി സംഭാവന നൽകിയ  സുബൈദ ഉമ്മയുടെ വാക്കുകളിൽ കരുതലിന്റെ  കനിവ്‌.പള്ളിത്തോട്ടം പൊലീസ് സ്‌റ്റേഷനു സമീപത്തെ ചായക്കടയിൽനിന്നുള്ള വരുമാനവും ഭർത്താവ്‌ അബ്‌ദുൾസലാമിന്റെയും തന്റെയും ക്ഷേമപെൻഷൻ തുകയും ചേർത്ത്‌ 10,000 രൂപയാണ്‌ അവർ   കൊല്ലം കലക്ടർക്ക്‌ കൈമാറിയത്‌.

2018ലെ പ്രളയകാലത്ത് ആടിനെവിറ്റ് കിട്ടിയ 5550 രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്‌ത സുബൈദ ഉമ്മ മാതൃകയായിരുന്നു.  ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഏത് സർക്കാർ മുന്നോട്ടുവന്നാലും അതിനൊപ്പം നിൽക്കണമെന്നാണ്‌ ഈ അറുപത്തിയഞ്ചുകാരിയുടെ പക്ഷം. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ ടിവിയിലാണ്‌ കണ്ടത്‌. ഉടൻ കൈയ്യിലുണ്ടായിരുന്ന മുഴുവൻ പണവും  നൽകാൻ തീരുമാനിക്കുകയായിരുന്നു. മക്കളെയും രക്ഷിതാക്കളെയും കൂടപ്പിറപ്പുകളെയും നഷ്ടപ്പെട്ടവർക്ക് എന്തുനൽകിയാലും മതിയാകില്ല–-സുബൈദ ഉമ്മ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top