22 November Friday

ആ ധീരതയ്‌ക്കുമേൽ 
മരണത്തിന്റെ മൺകൂന ; 50 ജീവനുകൾക്ക്‌ രക്ഷകനായി പ്രജീഷ്‌ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024


ചൂരൽമല
മരണത്തിന്റെ മുന്നിൽ മുട്ടുകുത്തുംവരെ പ്രജീഷ്‌ പ്രിയപ്പെട്ടവരെ വീണ്ടെടുക്കുകയായിരുന്നു. ആർത്തലച്ചുവരുന്ന ഉരുളിനോടും ഇരുട്ടിനോടും പോരാടി 50പേരെ ജീവിതത്തിലേക്ക്‌ കരകയറ്റി, പിന്നെയും തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കാനുള്ള യാത്രയ്‌ക്കിടയിലാണ്‌ പ്രജീഷ്‌ വീണുപോയത്‌. അതിനുമീതെ മരണം മണ്ണിട്ടുമൂടിയപ്പോൾ ചൂരൽമലയ്‌ക്ക്‌ നഷ്ടമായത്‌ പ്രാണനോളം പോന്നൊരു ഉടപ്പിറപ്പിനെ. ചൂരൽമല ക്ലിനിക്കിന്‌ സമീപം  പുഴയോടുചേർന്ന നിരവധി പാടികളിലൊന്നിലാണ്‌ പ്രജീഷ്‌.  ആദ്യ ഉരുൾപൊട്ടലിൽ ജലം ഇരച്ച്‌  ഇവിടെയെത്തി. അതോടെ പ്രജീഷും കൂട്ടരും വീട്ടുകാരെയെല്ലാം വിളിച്ചുണർത്തി, പലരെയും നിർബന്ധിച്ച്‌ പുറത്തിറക്കി. രണ്ടുതവണ മലകയറി അവരെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി. കനത്തമഴ നിലയ്‌ക്കാതെ പെയ്യുന്നതിനിടെ പ്രജീഷിന്റെ ഫോണിലേക്ക് വീണ്ടും വിളിവന്നുകൊണ്ടേയിരുന്നു. സ്കൂൾ റോഡിലെ സുഹൃത്തുക്കളും പരിചയക്കാരുമാണ്‌. വീട്ടിൽ കുടുങ്ങിയെന്നും രക്ഷിക്കണേയെന്നുമുള്ള യാചനയും നിലവിളികളുംമാത്രം. മറിച്ചൊന്നും ചിന്തിച്ചില്ല, പ്രജീഷ് ജീപ്പുമെടുത്തിറങ്ങി.

പോകരുതെന്ന്‌ പലരും അപകടമുന്നറിയിപ്പ്‌ നൽകി വിലക്കിയിട്ടും പ്രജീഷ് വഴങ്ങിയില്ല. സഹായം അഭ്യർഥിക്കുമ്പോൾ എങ്ങനെ ഇരിക്കാനാകുമെന്ന മറുചോദ്യത്തിനുമൊപ്പം ജീപ്പ്‌ ഇരുട്ടിനെ കീറിമുറിച്ച്‌ ചൂരൽമലപാലം കടന്നുപോയി. കൂടുതൽപേർ കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പാലംകടന്ന് പോകുമ്പോഴാണ്‌ രണ്ടാമത്തെ ഉരുൾപൊട്ടിയത്‌.  ആർത്തലച്ചുവന്ന ഉരുൾ പ്രജീഷിനെയും ജീപ്പിനെയും വലിച്ചെടുത്ത് കൊണ്ടുപോയി. ചൂരൽമലപാലത്തിനൊപ്പം പ്രജീഷും കടപുഴകി.. പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്വജീവൻ നഷ്ടമായ  ‘റിയൽ ഹീറോ’യായി പ്രജീഷ്‌. പരേതനായ വേലായുധനാണ് അച്ഛൻ. അമ്മ: രമണി. പ്രവീൺ, പ്രഭിത എന്നിവർ സഹോദരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top