17 September Tuesday
മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

എ രാമചന്ദ്രന്റെ ‘ധ്യാനചിത്ര’ 
കലാലോകത്തിന്‌ സമർപ്പിച്ചു

സ്വന്തം ലേഖകൻUpdated: Monday Sep 2, 2024


കൊച്ചി
കലാസൃഷ്ടികളിലൂടെ ഫാസിസത്തിനെതിരെ രാഷ്‌ട്രീയകാഴ്‌ചപ്പാട്‌ വ്യക്തമാക്കിയിരുന്നയാളായിരുന്നു അന്തരിച്ച വിഖ്യാത ചിത്രകാരൻ എ രാമചന്ദ്രനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ പ്രശസ്‌തമായ ഗാന്ധിശിൽപ്പം ഇതിന്‌ ഉദാഹരണമാണ്‌. ഗാന്ധി വിഭാവനം ചെയ്‌ത രാജ്യം എന്താണെന്നും അതിന്റെ ഇന്നത്തെ അവസ്ഥയും വെളിവാക്കുന്നതാണ്‌ ആ കലാസൃഷ്ടി. കലയെ വിദ്വേഷപ്രചാരണങ്ങൾക്ക്‌ ഉപയോഗിക്കുന്നതിലേക്ക്‌ ഇന്ന്‌ കാര്യങ്ങൾ എത്തിച്ചേർന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. എ രാമചന്ദ്രന്റെ വിപുല ഗ്രന്ഥശേഖരമടങ്ങുന്ന ‘ധ്യാനചിത്ര: എ രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ്‌' എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഇന്ത്യയിലെ‌ സാധാരണക്കാരെ തന്റെ ക്യാൻവാസിൽ ചിത്രീകരിച്ചിരുന്നയാളാണ്‌ എ രാമചന്ദ്രൻ. ചിത്രങ്ങളിൽ ഗ്രാമീണദൃശ്യങ്ങളെയും ഗ്രാമീണരെയും ഉൾക്കൊള്ളാൻ അദ്ദേഹം ശ്രദ്ധചെലുത്തി. പരിസ്ഥിതിക്ക്‌ ഇണങ്ങിയുള്ള മനുഷ്യജീവിതത്തിന്റെ ഭംഗി വരച്ചുകാട്ടിയ ചിത്രങ്ങൾ വരുംതലമുറയുമായി സംവദിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ലളിതകലാ അക്കാദമിയുടെ വെബ്‌സൈറ്റ്‌ സ്‌റ്റോറും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. സാംസ്‌കാരികമന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ്‌ എംഎൽഎ, മേയർ എം അനിൽകുമാർ, കേരള ലളിതകലാ അക്കാദമി അധ്യക്ഷൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ, എം എ ബേബി, എ രാമചന്ദ്രന്റെ മക്കളായ രാഹുൽ, സുജാത എന്നിവർ സംസാരിച്ചു.

നാലായിരത്തോളം പുസ്തകങ്ങളും എ രാമചന്ദ്രന്‌ ലഭിച്ച പുരസ്കാരങ്ങൾ അടക്കമുള്ള അമൂല്യവസ്തുക്കളും ഉൾപ്പെടെയാണ്‌ അക്കാദമിയിലെ വിഷ്വൽ കൾച്ചറൽ ലാബിലേക്ക്‌ കുടുംബം സംഭാവന ചെയ്‌തത്‌. ഇന്ത്യൻ ക്ലാസിക്കൽ കല, ഐക്കണോഗ്രഫി, ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ കലാപാരമ്പര്യങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള രാമചന്ദ്രന്റെ അഗാധമായ താൽപ്പര്യം വെളിപ്പെടുത്തുന്നതാണ് ശേഖരം. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കലാകാരന്മാരെക്കുറിച്ചുള്ള പഠനങ്ങളുടെയും മോണോഗ്രാഫുകളുടെയും ശേഖരവും ഇതിൽ ഉൾപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top