കോട്ടയം
"എന്റെ മോൾക്ക് നല്ല വീടായി, സ്വർഗം പോലെയാ അവരിവിടെ കഴിയുന്നേ, അതിൽ കൂടുതൽ എനിക്കിനിയെന്താ വേണ്ടേ’ പാത്തുമ്മ പറഞ്ഞുകൊണ്ടേയിരുന്നു ഹൃദയം നിറഞ്ഞ ചിരിയോടെ... കൂട്ടിക്കൽ ദുരിതബാധിതർക്കായി തേൻപുഴയിൽ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിർമിച്ചുനൽകിയ വീട്ടിലാണ് പാത്തുമ്മയുടെ മകൾ ഉമൈബാനും കുടുംബവും താമസം.
തേൻപുഴയിൽ ഇ എം എസ് നഗറിൽ സിപിഐ എം നിർമിച്ചുനൽകിയ 25 സ്നേഹവീടുകൾ. അവിടെ ആദ്യം താമസമാക്കിയവരാണിവർ, താന്നത്തുപറമ്പിൽ റെഫീഖും ഭാര്യ ഉമൈബാനും കുട്ടികളും. സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നു എന്നതാണ് ഇവരുടെ ആശ്വാസം. നേരത്തെ ഇവർ താമസിച്ചിരുന്ന വീട്ടിൽ പ്രളയജലമെത്തി വീട്ടുസാധങ്ങൾ ഉൾപ്പെടെ ഒഴുകിപ്പോയി. വീട് സ്വപ്നം മാത്രമാകും എന്ന് വിചാരിച്ചിരുന്നവർക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീട്. അത് നൽകുന്ന സന്തോഷം ചെറുതല്ലെന്ന് ഇവർ പറയുന്നു.
മണ്ണിടിച്ചിലിൽ വീട് വാസയോഗ്യമല്ലാതായ പാറയ്ക്കൽ വിശാഖും ഭാര്യ അപർണ്ണയും മകൾ അവിനിഗയും ഇന്ന് സുരക്ഷിത ഇടത്തിലാണ്. തീർത്താൽ തീരാത്ത കടപ്പാടോടെ. ഇതുപോലെ 25 കുടുംബങ്ങൾ ഇവിടെ അന്തിയുറങ്ങുന്നു; പേടികൂടാതെ അതിലേറെ സന്തോഷത്തോടെ. ഒരുവീട് പോലെ കഴിയുന്ന കുടുംബങ്ങൾ, കുട്ടികൾക്ക് കളിയിടം. രണ്ട് മുറിയും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങുന്ന വീട്. ഓരോ വീട്ടിലും വണ്ടി എത്തുന്ന വഴി, വൈദ്യുതി സംവിധാനം, കുടിവെള്ളം. 25 വീടുകൾക്കായി രണ്ട് കുഴൽകിണറുകൾ, കടുത്ത വേനലിലും ഇതുവരെ ഒരു കിണറിനെയേ ആശ്രയിക്കേണ്ടി വന്നുള്ളൂ. ഇനി സ്വയംതൊഴിൽ സംവിധാനവും കൂട്ടായ്മയും മറ്റ് സൗകര്യങ്ങളും ഇ എം എസ് നഗറിൽ ഒരുക്കാനുള്ള തയ്യാറെടുപ്പ് പാർടി നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
സിപിഐ എം തണലൊരുക്കിയപ്പോൾ ആ മാതൃക സ്വീകരിച്ച് മറ്റൊരാൾക്ക് പ്രതീക്ഷ പകർന്നവരും ഉണ്ടിവിടെ. ഏഴാംനമ്പർ വീട്ടിലെ താമസക്കാരനായിരുന്ന സന്ദീപ് രാമചന്ദ്രൻ ജോലികിട്ടി പോയപ്പോൾ തനിക്കുകിട്ടിയ വീട് പാർടിയെ തിരിച്ച് ഏല്പിക്കുകയായിരുന്നു. വീടില്ലാത്ത മറ്റൊരുകുടുംബത്തിന് അത് ആശ്രയമാവുകയും കഴിഞ്ഞദിവസം അവർ താമസമാരംഭിക്കുകയും ചെയ്‌തു. വയനാട് ദുരിതബാധിതർക്കായി തങ്ങളാൽ കഴിയുന്ന സഹായവും സിഎംഡിആർഎഫിലേക്ക് ഈ കുടുംബങ്ങൾ സമാഹരിച്ചു. ഇനിയും സ്നേഹവീടുകൾ ഉയരാൻ, തങ്ങളെപ്പോലെ അതിജീവനം അതിവേഗം സാധ്യമാകാൻ കൂട്ടിക്കലിന്റെ സ്‌നേഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..