തിരുവനന്തപുരം
സംസ്ഥാനത്തിന് കേന്ദ്രസർക്കാർ ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം പ്രകാരം അനുവദിച്ച അരി ഭക്ഷ്യയോഗ്യമല്ലെന്ന് മന്ത്രി ജി ആർ അനിൽ. അരിയെടുക്കുന്നതിനായി എഫ്‌സിഐ ഗോഡൗണുകളിൽ സപ്ലൈകോ ജീവനക്കാർ എത്തിയപ്പോഴാണ് ഇവ വിതരണ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് അരിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സപ്ലൈകോ ക്വാളിറ്റി അഷ്വറൻസ് മാനേജരെയും റേഷനിങ് കൺട്രോളറെയും ചുമതലപ്പെടുത്തി. അരിയിൽ നിറ വ്യത്യാസവും പൊടിയുടെ അമിതമായ സാന്നിധ്യവും കണ്ടെത്തി.
കിലോയ്‌ക്ക് 23 രൂപ നിരക്കിൽ അനുവദിച്ച അരിക്ക് 31.73 രൂപയാണ് എഫ്‌സിഐ ആവശ്യപ്പെട്ടത്. അരിയുടെ കൈകാര്യചെലവ്, മിൽ ക്ലീനിങ് ചെലവ് എന്നീ ഇനങ്ങളിൽ കിലോയ്‌ക്ക് മൂന്ന് രൂപ ചെലവ് വരും.
മിൽ ക്ലീനിങ് നടത്തുമ്പോൾ ഭക്ഷ്യധാന്യത്തിന്റെ അളവിൽ 10 ശതമാനംവരെ കുറവുണ്ടാകും. ഇതുകൂടി പരിഗണിക്കുമ്പോൾ കിലോയ്‌ക്ക് സപ്ലൈകോ ചെലവഴിക്കേണ്ട തുക 37.23 രൂപയായി ഉയരും. ഇ ടെൻഡറിലൂടെ ശരാശരി 35-–-36 രൂപയ്‌ക്ക് ഗുണമേന്മയുള്ള പച്ചരി ലഭിക്കും. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അനുവദിച്ച അരി സംസ്ഥാനം വാങ്ങുന്നില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..