21 December Saturday

പി വി അന്‍വറിന്റെ അനധികൃതകെട്ടിടം , ഉടൻ മറുപടി നൽകണം ; ഹൈക്കോടതിയുടെ അന്ത്യശാസനം

സ്വന്തം ലേഖികUpdated: Saturday Nov 2, 2024


കൊച്ചി
പി വി അൻവർ എംഎൽഎയുടെ പീവീസ് റിയൽ എസ്റ്റേറ്റ്‌സ് അനുമതിയില്ലാതെ നിർമിച്ച ഏഴുനിലക്കെട്ടിടം പൊളിച്ചുനീക്കണമെന്ന ഹർജിയിൽ മറുപടി നൽകാൻ അൻവറിനും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും ഹൈക്കോടതിയുടെ അന്ത്യശാസനം. നേരത്തേ നൽകിയ നിർദേശം പാലിക്കാത്തതിനാൽ ഇത് അവസാന അവസരമായിരിക്കുമെന്നും കോടതി മുന്നറിയിപ്പ്‌ നൽകി. കെട്ടിടത്തിൽ ലഹരിപ്പാർട്ടിയടക്കം നടന്ന സാഹചര്യം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ കെ വി ഷാജി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്. ഹർജി ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും. ആലുവ എടത്തല പഞ്ചായത്തിൽ അതീവസുരക്ഷാമേഖലയായി പ്രഖ്യാപിച്ച നാവികസേനയുടെ ആയുധസംഭരണശാലയ്‌ക്കുസമീപമാണ്‌ സെവൻ സ്റ്റാർ ഹോട്ടൽ സൗകര്യത്തോടെയുള്ള കെട്ടിടം നിർമിച്ചിട്ടുള്ളത്‌.

ന്യൂഡൽഹിയിലെ കടാശ്വാസ കമീഷൻ 2006 സെപ്തംബർ 18ന് നടത്തിയ ലേലത്തിലാണ് പി വി അൻവർ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽ എസ്‌റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണം പൂർത്തിയാകാത്ത കെട്ടിടം ഉൾപ്പെടുന്ന 11.46 ഏക്കർ ഭൂമി 99 വർഷത്തെ പാട്ടത്തിന് സ്വന്തമാക്കിയത്. എന്നാൽ, അതീവസുരക്ഷാ മേഖലയിലെ കെട്ടിടനിർമാണം നിർത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് നാവികസേനാ ആയുധസംഭരണശാലാ വർക്‌സ് മാനേജർ 2016ൽ എറണാകുളം കലക്ടർക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നൽകി. ഇതിൽ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയിട്ടും വകവയ്‌ക്കാതെയാണ്‌ കെട്ടിടനിർമാണം പൂർത്തിയാക്കിയത്.  2018ൽ ഇവിടെ ഡിജെ പാർട്ടിക്കിടെ എക്സൈസ് റെയ്ഡ് നടത്തിയിരുന്നു. അനധികൃത ബാർ കൗണ്ടർ പ്രവർത്തിച്ചിരുന്നതായും  കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top