23 November Saturday

അവയവദാതാക്കൾക്കായി ക്ഷേമ 
പദ്ധതികൾ ; പഠിക്കാൻ വിദഗ്ധസമിതി

സ്വന്തം ലേഖികUpdated: Saturday Nov 2, 2024


തിരുവനന്തപുരം
അവയവദാന ശസ്‌ത്രക്രിയകൾക്ക്‌ വിധേയമായവർക്ക്‌ ക്ഷേമത്തിനായുള്ള മാർഗനിർദേശം ആവിഷ്‌കരിക്കാൻ ആരോഗ്യവകുപ്പ്‌. കരൾ ദാതാക്കൾക്ക്‌ പ്രത്യേക പരിഗണന നൽകി അവയവ ദാതാക്കൾക്ക്‌ മുഴുവനായും ക്ഷേമപദ്ധതികൾ നടപ്പാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച നിർദേശം സമർപ്പിക്കാൻ വിദഗ്ധരടങ്ങിയ സമിതിക്ക്‌ രൂപം നൽകി. സമിതിയുടെ ആദ്യയോഗം ശനി പകൽ 2.30ന്‌ ഓൺലൈനിൽ ചേരും. അവയവദാന ശസ്ത്രക്രിയകൾക്കുശേഷം പൂർണമായും ആരോഗ്യം വീണ്ടെടുക്കുന്നതിന് ആവശ്യമായ സമയം, തുടർ ചികിത്സയ്ക്കുള്ള ചെലവ് വ്യത്യസ്തമായതിനാൽ ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള ചെലവ്, അത് ഏറ്റെടുക്കാൻ കഴിയുന്ന ഏജൻസിയെ സംബന്ധിച്ച നിർദേശങ്ങൾ എന്നിവയും ചർച്ച ചെയ്യും.

ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനും കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ) എക്സിക്യുട്ടീവ്‌ ഡയറക്ടർ കൺവീനറുമായ സമിതിയിൽ ആരോഗ്യവകുപ്പ്‌ ഡയറക്ടറും അംഗമാണ്‌. കേരള സാമൂഹ്യ സുരക്ഷാ മിക്ഷൻ എക്സിക്യുട്ടീവ്‌ ഡയറക്ടർ/ പ്രതിനിധി,  മെഡിസെപ് എക്സിക്യൂട്ടീവ് ഡയറക്ടർ/പ്രതിനിധി, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് ഡയറക്ടർ എന്നിവർ ഇൻഷുറൻസ് വിഭാഗം അംഗങ്ങളാകും. കരൾമാറ്റ ശസ്‌ത്രക്രിയ വിദഗ്ധൻ ഡോ. രമേഷ് രാജൻ, വൃക്ക മാറ്റ ശസ്ത്രക്രിയാ വിദഗ്ദ്ധ ഡോ. ഗോമതി എന്നിവരും സമിതിയിലുണ്ട്‌. അവയവ ദാതാക്കളുടെ ക്ഷേമത്തിനായുള്ള മാർഗനിർദേശം നടപ്പിലാക്കുന്നതിന്റെ പ്രായോഗികതയാണ്‌ സമിതി പരിശോധിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top