തിരുവനന്തപുരം
രാജ്യത്തെ ഏക ഭാഷയിലേക്ക് ചുരുക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിക്കുന്നതിൽ നമ്മുടെ ഭാഷാവൈവിധ്യം വഹിച്ച പങ്ക് വലുതാണ്. ആ ഭാഷാവൈവിധ്യത്തെ തച്ചുടച്ച് ഏക ഭാഷയിലേക്ക് ചുരുക്കാൻ ശ്രമം നടക്കുന്നു. ഭരണഘടനാപരമായി നിഷ്‌കർഷിച്ച നിലയിലല്ലാതെ ചില ഭാഷകളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. അത്തരത്തിൽ നിർബന്ധപൂർണമായ അടിച്ചേൽപ്പിക്കൽ ഉണ്ടായാൽ നമ്മുടെ ഭാഷ ഇല്ലാതാകും. അതുവഴി സംസ്‌കാരവും ഇല്ലാതാകും. അത്തരം പ്രതിലോമ പ്രവർത്തനങ്ങളെ ചെറുക്കാൻ ഓരോ മലയാളിക്കും ഉത്തരവാദിത്വമുണ്ടെന്നും മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ നാം കാണിക്കുന്ന ഐക്യം ലോകത്തിനാകെ മാതൃകയാണ്. നമ്മുടെ ഐക്യത്തിന് അടിസ്ഥാനം നമ്മുടെ മാതൃഭാഷതന്നെയാണ്. അതുകൊണ്ടുതന്നെ മാതൃഭാഷ നഷ്ടമായാൽ നാടിന്റെ ഐക്യവും ഒരുമയും ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളഭാഷാ പരിപോഷണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് കവി ഏഴാച്ചേരി രാമചന്ദ്രനെയും ഡോ. നടുവട്ടം ഗോപാലകൃഷ്ണനെയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. സമകാലിക ജനപഥം ഭരണഭാഷാ പതിപ്പും സർക്കാർ കലണ്ടറും പ്രകാശിപ്പിച്ചു. സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അധ്യക്ഷയായി. കേരള സർവകലാശാല മലയാള വിഭാഗം പ്രൊഫ. ഡോ. സി ആർ പ്രസാദ്, പൊതുഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, എസ് ഹരികിഷോർ എന്നിവരും സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..